ഐഎഫ്എഫ്കെ; ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം ഗോദാർദിന്

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരൻ ഷീൻ ലുക് ഗോദാർദിന്. കൊവിഡിനെ തുടർന്നുള്ള ഗോദാർദിന്റെ അസാന്നിദ്ധ്യത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനായിരിക്കും പുരസ്‌കാരം ഏറ്റുവാങ്ങുക. മേളയിലെ ഡെലിഗേറ്റുകൾക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ശനിയാഴ്ച ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അറിയിച്ചു.
ലോകസിനിമയുടെ ഗതിമാറ്റത്തിനു വഴിതെളിച്ച ഫ്രഞ്ച് നവതരംഗത്തിന്റെ മുഖ്യ പ്രയോക്തവാണ് ഷീൻ ലുക് ഗോദാർദ്. പത്തുലക്ഷം രൂപയാണ് സമ്മാനത്തുക. കൊവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊച്ചി, തലശേരി, പാലക്കാട് എന്നിവിടങ്ങളിലായിട്ടാണ് അടുത്തമാസം പത്തുമുതൽ ചലച്ചിത്ര മേള നടക്കുന്നത്. ശനിയാഴ്ച രാവിലെ പത്തിന് ഡെലിഗേറ്റുകൾക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിക്കും. മേളയുടെ ഭാഗമായി പൊതുപരിപാടികളോ ആൾക്കൂട്ടം ഉണ്ടാകുന്ന കലാപരിപാടികളോ ഉണ്ടായിരിക്കുന്നതല്ല. ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനു മുൻപ് സൗജന്യമായി ആന്റിജൻ പരിശോധന നടത്തുന്നതിനുള്ള സജ്ജീകരണം അക്കാദമി ഒരുക്കും. തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടും ആയിരിക്കുമെന്നും കമൽ അറിയിച്ചു.