കുവൈറ്റിൽ പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി

കുവൈത്ത് സിറ്റി: വിസ നിയമങ്ങൾ ലംഘിച്ച് കുവൈത്തിൽ കഴിയുന്നവർക്ക് നൽകിയ പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി. മാർച്ച് രണ്ടു വരെയാണ് നീട്ടിയത്. ജനുവരി 31ന് അവസാനിക്കാനിരുന്ന കാലാവധിയാണ് ഒരു മാസം കൂടി നീട്ടിനൽകിയത്. കാലാവധി ഒരു കാരണവശാലും നീട്ടിനൽകില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് വിസ നിയമലംഘകർക്ക് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാനുള്ള അവസരം ഒരു മാസത്തേക്കു കൂടി നീട്ടിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അൽ അലി അറിയിച്ചു. രാജ്യവും പ്രവാസികളും കടന്നുപോകുന്ന പ്രതിസന്ധി നിറഞ്ഞ സാഹചര്യം കണക്കിലെടുത്താണ് നടപടി. വിമാനയാത്രകളിൽ വരുത്തിയ നിയന്ത്രണങ്ങളും വിവിധ മേഖലകളിലെ ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതും പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വിമാന സർവീസുകളിൽ പലതും റദ്ദാക്കിയത് കാരണം പലർക്കും നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പബ്ലിക് അതോറിറ്റി ഫോർ മാന്‍പവർ ഓഫീസ് കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ചത്തേക്ക് അടച്ചതും പൊതുമാപ്പ് കാലാവധി നീട്ടാന്‍ കാരണമായതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ സാഹചര്യം ഉപയോഗപ്പെടുത്തി വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന മുഴുവൻ പ്രവാസികളും മാർച്ച് രണ്ടിനു മുന്പ് അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഈ കാലയളവിന് ശേഷവും കാലാവധി കഴിഞ്ഞ വിസയിൽ രാജ്യത്ത് തങ്ങുന്നവരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. കഴിഞ്ഞ മാർച്ചിലായിരുന്നു കുവൈത്ത് ഭരണകൂടം ആദ്യമായി വിസാ ലംഘകർക്ക് പൊതുമാപ്പ് പ്രഖാപിച്ചത്. ആ സമയത്ത് രാജ്യത്ത് ഒരു ലക്ഷത്തിലേറെ പേരായിരുന്നു അനധികൃത താമസക്കാരായി ഉണ്ടായിരുന്നത്.
എന്നാൽ പിന്നീട് പൊതുമാപ്പ് കാലാവധി പല തവണ നീട്ടിനൽകിയെങ്കിലും ഇതിനകം 5000 പേർ മാത്രമാണ് പിഴ അടച്ച് വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചത്. അതേസമയം, കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിരവധി പേർക്ക് തൊഴിൽ നഷ്ടമായതിനെ തുടർന്ന് രാജ്യത്ത് അനധികൃത താമസക്കാരുടെ എണ്ണം പൊടുന്നനെ വർധിച്ചതായും റിപ്പോർട്ടുണ്ട്.
2020 മാർച്ച് മാസത്തിൽ ആരംഭിച്ച പൊതുമാപ്പ് കാലാവധി ഇത് ആറാം തവണയാണ് അധികൃതർ നീട്ടുന്നത്. മെയ് 31 വരെയായിരുന്നു അന്ന് പൊതുമാപ്പ് പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ യാത്രാനിരോധം ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യത്തിൽ ആഗസ്ത് 30 വരെയും അവിടെ നിന്ന് നവംബർ 30 വരെയും പിന്നീട് ഡിസംബർ 31 ലേക്കും ജനുവരി 31ലേക്കും നീട്ടുകയായിരുന്നു.