ജയലളിതയുടെ വീട് വേദനിലയം ഇനി മ്യൂസിയം


ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വീട് വേദനിലയം ഇനി മ്യൂസിയം. സർക്കാർ ഏറ്റെടുത്ത് മ്യൂസിയമാക്കിയ വേദനിലയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഇന്നലെയാണ് മ്യൂസിയമാക്കാൻ മദ്രാസ് ഹൈക്കോടതി സർക്കാരിന് അനുമതി നൽകിയത്. സഹോദരന്റെ മക്കളായ ദീപയ്ക്കും ദീപക്കിനും 67 കോടി രൂപ നഷ്ടപരിഹാരം നൽകിയാണ് വേദനിലയം പൂർണമായി സർക്കാർ ഏറ്റെടുത്തത്.

ചെന്നൈ പായസ് ഗാർഡനിലെ വീടിന്റെ മേൽവിലാസവും ഉടമസ്ഥതയും മാറി. ഇവിടുത്തെ വീട്ടിലിരുന്നായിരുന്നു ജയലളിത തമിഴ്‌നാട് ഭരിച്ചിരുന്നത്. നൂറു കോടിയിലേറെ വിലമതിക്കുന്ന ഈ സ്ഥലമായിരുന്നു ജയലളിതയുടെ ഔദ്യോഗിക ഓഫീസും വീടും.

അയ്യായിരത്തിലധികം പുസ്തകങ്ങൾ, എണ്ണിയാലൊടുങ്ങാത്ത ഉപഹാരങ്ങൾ തുടങ്ങി ജയലളിത ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളും ചിത്രങ്ങളുമാണ് വേദനിലയമെന്ന മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നത്. ഉടമസ്ഥത സംബന്ധിച്ച കേസ് തീരുന്നത് വരെ പൊതുജനത്തെ പ്രവേശിപ്പിക്കുന്നത് വിലക്കിയ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

2017 ഓഗസ്റ്റിലായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എടപ്പാടി കെ പളനിസ്വാമി വേദനിലയം അമ്മ സ്മാരകമാക്കി മാറ്റുന്നതായി പ്രഖ്യാപിച്ചത്. തുടർന്ന് ജയലളിതയുടെ സ്വത്തിന്റെ യഥാർത്ഥ അവകാശികൾ തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ദീപ ജയകുമാറും ദീപക്കും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed