പൂർണിമ ഭാഗ്യരാജ് വീണ്ടും മലയാളത്തിലേക്ക്

പൂർണിമ ഭാഗ്യരാജ് വീണ്ടും മലയാളത്തിലേക്ക്. വി.കെ പ്രകാശിന്റെ ഓൺ ദ റോക്‌സ് എന്ന സംഗീത പ്രധാനമായ ചിത്രത്തിലൂടെയാണ് 31 വർഷങ്ങൾക്ക് ശേഷം പൂർണിമ മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നത്. 80കളിൽ മലയാള സിനിമയിൽ സജീവമായിരുന്ന അവർ തമിഴിലും തിളങ്ങി നിൽക്കുന്പോഴാണ് ഭാഗ്യരാജിനെ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് മാറിയത്. കഴിഞ്ഞ വർഷം അവർ മോഹൻലാലിനും വിജയിക്കും ഒപ്പം ജില്ലയിൽ അഭിനയിച്ചിരുന്നു. തൈക്കൂടം ബ്രിഡ്ജിലൂടെ പ്രശസ്തനായ സിദ്ധാർത്‍ഥ് മേനോനാണ് ഓൺ ദി റോക്‌സിലെ നായകനായെത്തുന്നത്. സംവിധായകൻ പവിത്രന്റെ മകൾ ഇവ പവിത്രനാണ് നായിക. കൂടാതെ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബംഗളൂരുവാണ് ലൊക്കേഷൻ. ഒരു റോക് സംഗീതജ്ഞനായിട്ടാണ് സിദ്ധാർത്ഥ് മേനോൻ അഭിനയിക്കുന്നത്. മുംബൈ മലയാളിയായ രാജശ്രീ ബാലറാമിന്റെ കഥയാണ് സിനിമയ്ക്ക് ആധാരം. നായികാ വേഷം ചെയ്യുന്ന ഇവ പവിത്രന്റെ സുഹൃത്തായ രാജശ്രീ ഇത് ഒരു ചെറുകഥയായി പ്രസിദ്ധീകരിക്കാനിരിക്കെയാണ് പിന്നീട് അത് സിനിമയായി മാറിയത്. രാജശ്രീ ബാലറാം തന്നെയാണ് തിരക്കഥയും തയ്യാറാക്കിയത്. വിവേക് രഞ്ജിതും രാജശ്രീയും ചേർന്നാണ് സംഭാഷണം എഴുതിയത്. സംഗീതം പ്രശാന്ത് പിള്ള. ബിൽഡിംഗ് ബ്ലോക് പിക്‌ചേഴ്‌സിന്റെ ബാനറിൽ പി.കെ രതീഷാണ് ചിത്രം നിർമ്മിക്കുന്നത്.