കര്‍ഷക സമരത്തിനെതിരെ വിവാദ ട്വീറ്റുമായി കങ്കണ


ന്യൂഡൽഹി: ലോക ശ്രദ്ധ നേടിയ ഷാഹീന്‍ ബാഗിലെ പൗരത്വ നിയമത്തിനെതിരായ സമരത്തിലൂടെ പ്രശസ്തയായ ബില്‍കിസ് ബാനോവിനെതിരെ ആരോപണമുയര്‍ത്തി നടി കങ്കണ റണാവത്ത്. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന ബില്‍കിസ് ബാനോ എന്ന ദാദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് സമരം തകര്‍ക്കാന്‍ ഒളിയമ്പുമായി കങ്കണ രംഗത്തുവന്നത്. 100 രൂപയ്ക്ക് വേണ്ടി ദാദി കര്‍ഷക സമരത്തില്‍ പങ്കെടുക്കുകയാണെന്ന ആരോപണമാണ് കങ്കണ ട്വിറ്ററിലൂടെ ഉയര്‍ത്തിയത്.

'ടൈംസ് മാഗസിന്റെ ഇന്ത്യയെ സ്വാധീനിച്ച നൂറുപേരുടെ പട്ടികയില്‍ വന്ന അതേ ദാദിയാണിത്. 100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും ഇവര്‍ വരുമെന്നാണ് കങ്കണ കുറിച്ചത്'. ആരോപണത്തില്‍ വിവാദം കടുത്തതോടെ അധികം വൈകാതെ തന്നെ കങ്കണ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

ബില്‍കിസ് ബാനോവിനെതിരെ അതിശക്തമായി വിദ്വേഷ പ്രചരണമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടക്കുന്നത്. രാഹുല്‍ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും സമീപിച്ചാല്‍ ഇത്തരം സമരങ്ങള്‍ക്ക് ദാദിയെ ലഭിക്കുന്നതാണെന്നും ഒരു ദിവസത്തെ കൂലിയും, വസ്ത്രവും, ഭക്ഷണവും, അവാര്‍ഡും നല്‍കുകയാണെങ്കില്‍ ദാദി സമരത്തിന് വരുമെന്നുമൊക്കെയാണ് വ്യാജ വാര്‍ത്തകളും ആരോപണങ്ങളും നിറയുന്നത്. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളാണ് വ്യാപകമായി സമരത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കർഷകർ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന 'ഡൽഹി ചലോ മാർച്ച്' മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം അടിച്ചമർത്താൻ പൊലീസ് ശ്രമിക്കുന്നതിനെ തുടർന്ന് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തുമെന്നാണ് വിവരം. അരലക്ഷത്തോളം പേരാണ് നിലവിൽ രാജ്യതലസ്ഥാനത്തേക്ക് തിരിച്ചിരിക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കർഷകർക്ക് നേരെ ഗ്രനേഡും കണ്ണീർ വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed