സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട വീഡിയോ ദുര്യുപയോഗം ചെയ്യുന്നവർക്കെതിരെ ആശ ശരത്ത് പരാതി നൽകി


കൊച്ചി:  എവിടെ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ദുര്യുപയോഗം ചെയ്യുന്നവർക്കെതിരേ സൈബർ സെല്ലിൽ പരാതി നൽകി ആശ ശരത്ത്. ഭർത്താവിനെ കാണാനില്ലെന്ന ടൈറ്റിലിൽ പ്രചരിച്ച വീഡിയോ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടതായിരുന്നു. എവിടെ പ്രമോഷൻ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ ആശയുടെ ഭർത്താവിനെ കാണാനില്ല എന്ന തരത്തിൽ വീഡിയോ പ്രചരിച്ചു. ഇതെ തുടർന്ന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. 

എവിടെ എന്ന സിനിമയുടെ പ്രമോഷൻ വീഡിയോയുമായി ബന്ധപ്പെട്ട് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ആശ ശരത്ത് സൈബറിടങ്ങളിൽ വിമർശനങ്ങളും അധിക്ഷേപങ്ങൾക്കും പാത്രമാകുന്നത് ശ്രദ്ധയിൽപ്പെട്ടു. ആശ അവതരിപ്പിക്കുന്ന ജെസി എന്ന കഥാപാത്രം ഭർത്താവായ സക്കറിയയെ കാണാനില്ല എന്ന് പറയുന്നതാണ് വീഡിയോയിലുള്ളത്. അത് സിനിമയുടെ പ്രചരണത്തിന് മാത്രമായി ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ ടെറ്റിലിലും ക്രെഡിറ്റിലും അത് വ്യക്തമാക്കിയിരുന്നു. അത് പരിചയസന്പന്നയായ ആശ ശരത്തിന്റെ അർപ്പണ ബോധത്തെയാണ് അത് സൂചിപ്പിക്കുന്നത്. 

ഞങ്ങളുടെ പ്രൊജക്ടിന് ആശ മികച്ച പിന്തുണയാണ് നൽകിയത്, അതുകൊണ്ടു തന്നെ അവർ നേരിടേണ്ടി വരുന്ന ആക്രമണം തികച്ചും ദൗർഭാഗ്യകരവും സ്വീകാര്യമല്ലാത്തതുമാണ്. ചിലയാളുകൾ ക്രെഡിറ്റും ടൈറ്റിലും നീക്കം ചെയ്ത് ഓൺലൈനിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ അത് പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതിനെതിരേ ഞങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആശയുടെ ഫേസ്ബുക്ക് പേജിൽ നടക്കുന്ന ആക്രമണത്തിനെതിരേ സൈബർ സെല്ലിനും ഡി.ജി.പി ലോക്നാഥ് ബെഹ്റക്കും അവർ പരാതി നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed