ഇന്ന് ലോക പ്രമേഹ ദിനം; കോവിഡ് കാലത്ത് പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?


നവംബര്‍ 14 ലോക പ്രമേഹദിനം. ഹൃദയം, വൃക്ക, കണ്ണ്, ഞരമ്പ് എന്നിവയടക്കം ശരീരത്തിന്റെ സുപ്രധാന അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹം. ‘ദ നഴ്‌സ് ആന്റ് ഡയബെറ്റിക്സ്’ (നഴ്സും പ്രമേഹവും) എന്നതാണ് ഈ വർഷത്തെ പ്രമേയം. പ്രമേഹമുള്ളവരെ ചികിത്സിക്കുന്നതിൽ നഴ്സുമാരുടെ പങ്കിനെക്കുറിച്ചുള്ള അവബോധമുയർത്തുന്നതിനാണ് ഈ വർഷത്തെ പ്രചാരണ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകുന്നത്. ചികിത്സിച്ചു ഭേദമാക്കാനാവില്ലെങ്കിലും ആരോഗ്യകരമായ ജീവിതശൈലികളിലൂടെയും മരുന്നുകളിലൂടെയും നിയന്ത്രിച്ചു നിര്‍ത്താനാവും.

ഭക്ഷണത്തില്‍ പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കുറയ്ക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക, അമിതവണ്ണം കുറയ്ക്കുക തുടങ്ങിയ ആരോഗ്യശീലങ്ങളിലൂടെ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താനാവും. പ്രമേഹ സാധ്യതയുള്ളവര്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും ആവശ്യമെങ്കില്‍ വൈദ്യ സഹായം തേടുകയും വേണം. ഒരു വർഷത്തോളമായി ലോകത്തെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നിരന്തര പരിശ്രമങ്ങൾ നടന്നുവരികയാണ്. ഈ സാഹചര്യത്തിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുളളവരെപ്പോലെ പ്രമേഹ രോഗികളും കോവിഡിനെപ്പറ്റി ആശങ്കയിലാണ്. എന്നാൽ പേടികൂടാതെ ഈ ശത്രുവിനെ മുൻകരുതലോടെ അതിജീവിക്കാനാകും എന്ന തിരിച്ചറിവാണ് പ്രമേഹരോഗികൾക്ക് വേണ്ടത്. കോവിഡ് കാലത്ത് പ്രമേഹ രോഗികള്‍ സമ്പര്‍ക്ക സാധ്യതകള്‍ പൂര്‍ണ്ണമായും കുറച്ച് രോഗം പകരാതെ സൂക്ഷിക്കണം. പ്രമേഹം പോലുളള രോഗങ്ങളിലുള്ളവരിലാണ് കോവിഡ് മിക്കപ്പോഴും ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത്. ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രത്തില്‍ വിവരമറിയിച്ച് ആവശ്യമായ വൈദ്യസഹായം തേടണം. സമൂഹത്തില്‍ ജീവിത ശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ 30 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരും നിശ്ചിത ഇടവേളകളില്‍ ജീവിതശൈലീ രോഗനിര്‍ണ്ണയ സ്‌ക്രീനിംഗിന് വിധേയരാകണം. ഇതിനുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്.

പ്രമേഹമുള്ളവരിലെ കോവിഡ് സാധ്യത?

പ്രമേഹമുള്ളതുകൊണ്ട് കോവിഡ് വരാനുള്ള സാധ്യത ഇല്ല. എന്നാൽ പ്രമേഹമുള്ളവർ സമ്പർക്കത്തിലൂടെ കൊറോണ വൈറസ് ബാധിതരായാൽ രോഗ തീവ്രത വർധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കുട്ടികളിൽ കണ്ടുവരുന്ന ടൈപ്പ് 1, മുതിർന്നവരിൽ കണ്ടുവരുന്ന ടൈപ്പ് 2 എന്നിങ്ങനെ രണ്ടു തരത്തിലാണ് പ്രമേഹരോഗം. 25 വയസിനു താഴെയുള്ള ടൈപ്പ് 1 പ്രമേഹ ബാധിതരിൽ കോവിഡ് ബാധിച്ചാൽ രോഗതീവ്രത വർധിക്കുന്നതായി കണ്ടെത്തിയിട്ടില്ല. ഇറ്റലി, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ പരിശോധിക്കുമ്പോഴും ഇത് വ്യക്തമാണ്. ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ ചിലരുടെ അവസ്ഥ കോവിഡ്ബാധ ഉണ്ടായാൽ വഷളാകാറുണ്ട്. പ്രായക്കൂടുതൽ, പ്രമേഹത്താൽ ശരീരത്തിലെ പ്രതിരോധ ശേഷിയിലുള്ള വ്യതിയാനങ്ങൾ, പ്രമേഹത്തിന്റെ തോത് വർധിക്കുന്നത്, പ്രമേഹത്താലുണ്ടായ ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ സങ്കീർണതകളാണ് ഇവയ്ക്ക് കാരണം. ഭീതിയോടെ കോവിഡിനെ സമീപിക്കേണ്ടതില്ല. എന്നാൽ ശാസ്ത്രീയവശം കൃത്യമായി മനസിലാക്കണം.

മുൻകരുതലുകൾ

ശരിയായ രീതിയിൽ മാസ്ക് ധരിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കൻഡോളം കഴുകുക. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. രണ്ടു മീറ്റർ ശാരീരിക അകലം പാലിക്കുക. തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കാതിരിക്കുക. അനാവശ്യമായി വീട്ടിൽ നിന്നും പുറത്തു പോകുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ പൊതുജനാരോഗ്യ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഇവ എല്ലാവർക്കും ബാധകമാണെങ്കിലും പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം ഇത് നിർബന്ധമാണ്.

കോവിഡ് സങ്കീർണത ഒഴിവാക്കാൻ

പ്രമേഹത്തിന്റെ തോത് നിയന്ത്രിക്കുന്നതിലൂടെ കോവിഡിന്റെ നില വഷളാകുന്നത് തടയാനാകും. പ്രമേഹം നിയന്ത്രിതമാണോ എന്ന് ലളിതമായ ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിൻ (എച്ച്ബി എ1സി)പരിശോധനയിലൂടെ മനസ്സിലാക്കാനാകും. രക്തത്തിലെ പഞ്ചസാരയുടെ മൂന്നുമാസത്തെ ശരാശരി അളവാണ് ഈ പരിശോധനയിലൂടെ ലഭിക്കുന്നത്. ഏഴ് ശതമാനമോ അതിന്റെ താഴെയുള്ള തോതുകളിലോ പ്രമേഹം നിലനിർത്താമെങ്കിൽ കൊറോണാ വൈറസ് ബാധയുടേയോ, മറ്റു അണുബാധയുടേയോ തീവ്രത ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. നിങ്ങളുടെ പ്രമേഹം ഈ തോതിലധികമാണെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ കൂടുതൽ ഫലപ്രദമാക്കണം. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിച്ച് നാം പ്രമേഹം പരിശോധിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ആഹാരം കഴിക്കുന്നതിനു മുമ്പുള്ള പരിശോധനയിലെ അളവ് 100 എംജി/ഡിഎൽ (മില്ലിഗ്രാം പെർ ഡെസിലിറ്റർ) നും 110 നും ഇടയ്ക്കും, ആഹാരശേഷം രണ്ടു മണിക്കൂർ കഴിഞ്ഞ് പരിശോധിക്കുമ്പോൾ 140 എംജി/ഡിഎൽ നും അടുത്താണെങ്കിൽ പ്രമേഹ നിയന്ത്രണം നല്ല രീതിയിലാണെന്നത് വ്യക്തമാണ്.

കോവിഡ് ബാധിക്കുമ്പോൾ

പ്രമേഹ രോഗികളിൽ കൂടുതൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചോ അല്ലാതെയോ ആണ് കോവിഡ് വന്നുപോകുന്നത്. ചെറിയ കോവിഡ് ഇൻഫെക്ഷനിലും പ്രമേഹത്തെ നിയന്ത്രിച്ച് മുന്നോട്ടു കൊണ്ടുപോകാനാകും. കോവിഡ് ബാധിതരായാലും പ്രമേഹ രോഗത്തിനു നിർദ്ദേശിച്ചിട്ടുള്ള മരുന്നുകൾ കൃത്യമായി തുടരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക. ഇൻസുലിൻ എടുക്കുന്നവരാണെങ്കിൽ ഓരോ ആറുമണിക്കൂറിലും 110–180 എംജി/ഡിഎൽ നും ഇടയിൽ നിലനിർത്തുക. ഇൻസുലിൻ എടുക്കാത്തവർ ഒരു ദിവസം രണ്ടു പ്രാവശ്യം പരിശോധിച്ചാൽ മതിയാകും. മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങളും പ്രമേഹവുമുള്ള ചിലരിൽ രോഗതീവ്രത വർധിക്കും. അത്തരം സാഹചര്യങ്ങളിൽ ആശുപത്രിയിൽ പോയി തന്നെ ചികിത്സ തേടേണ്ടതുണ്ട്. സാധാരണ നിലയിൽ അത്തരം സന്ദർഭങ്ങളിൽ ഇൻസുലിൻ നൽകിയുള്ള ചികിത്സാ രീതിയാണ് ആശുപത്രികൾ പിൻതുടരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മാത്രമല്ല, എല്ലാ രോഗാവസ്ഥയിലും ഇപ്രകാരമാണ് ചെയ്യുന്നത്.

പ്രമേഹമുള്ളവരിൽ കോവിഡ്/ മറ്റ് അണുബാധയാലുള്ള അപകട സാധ്യത

രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ വ്യതിയാനം ഉണ്ടാകുക. 70 എംജി/എൽ നു താഴെയോ 250 ന് മുകളിലോ ആകുക, മൂത്രത്തിലെ ആസിഡിന്റെ അംശം (കീറ്റോൺസ് പോസിറ്റീവാകുന്നത്) വർദ്ധിക്കുക, ആഹാരം കഴിക്കാനാകാത്ത വിധത്തിലുള്ള ക്ഷീണം, ദാഹം, ബോധം കുറയുന്ന അവസ്ഥ എന്നിവ അപകടകരമാണ്.

കോവിഡ് ബാധിച്ചാലുള്ള പരിണിതഫലം

ദീർഘകാലത്തേക്ക് കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങൾ പൊതുവേ കണ്ടുവരുന്നുണ്ട്. വിശദ അവലോകനത്തിനുള്ള പല പഠനങ്ങളും നടന്നു വരികയാണ്. എന്നിരുന്നാലും ഓർമ്മക്കുറവ്, തലച്ചോറിന്റെ പ്രവർത്തനത്തിലെ ചെറിയ അപചയം, ശ്വാസകോശത്തിലെ പലതരത്തിലുള്ള അണുബാധ തുടങ്ങിയവ പരക്കെ കണ്ടുവരുന്നുണ്ട്. പ്രമേഹമുള്ളവർ കോവിഡിനെ പേടിക്കേണ്ടതില്ല. ശത്രുവിനെ മനസിലാക്കി കീഴടക്കുകയാണ് വേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കുകയാണ് സുപ്രധാനം. മാസ്ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങിയ പൊതുജനാരോഗ്യ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. ആരോഗ്യകരമായ ജീവിതശൈലി തുടരുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed