വിഐപി യാത്ര: 822 കോടി കിട്ടാനുള്ളതായി എയർ ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രി, രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി തുടങ്ങിയ പ്രമുഖ വ്യക്തികളുടെ യാത്രകൾക്ക് വിമാനം ചാർട്ടർ ചെയ്തു നൽകിയ ഇനത്തിൽ 822 കോടി രൂപ കുടിശ്ശിക കിട്ടാനുണ്ടെന്ന് എയർ ഇന്ത്യ. സർക്കാർ ഉദ്യോഗസ്ഥർ കടമായി വാങ്ങിയ ടിക്കറ്റ് ഇനത്തിൽ 526.14 കോടി രൂപ കിട്ടാനുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു. വിവരാവകാശ നിയമ പ്രകാരം വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ കമാൻഡർ ലോകേഷ് ബത്ര നൽകിയ ചോദ്യത്തിനുള്ള ഉത്തരത്തിലാണ് എയർ ഇന്ത്യയുടെ വിശദീകരണം.
സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ എയർ ഇന്ത്യയെ വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഇതിനു പുറമേ വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യാക്കാരെ ഒഴിപ്പിച്ച ഇനത്തിൽ 9.67 കോടി രൂപയും വിദേശ രാജ്യങ്ങളുടെ പ്രതിനിധികളുടെ യാത്രയുമായി ബന്ധപ്പെട്ട് 12.65 കോടി രൂപയും കുടിശ്ശികയുണ്ട്. വിവിഐപികളുടെ കണക്ക് 2019 നവംബർ 30 വരെയുള്ളതാണെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരുടെ കുടിശ്ശിക കാര്യം 2019 മാർച്ച് 31 വരെയുള്ളതാണ് വ്യക്തമാക്കിയിട്ടുള്ളത്.