മഹീന്ദ്രയുടെ പുത്തൻ വണ്ടികൾ‍ വാടകയ്‍ക്ക്


ന്യൂഡൽഹി: വാഹനവിപണിയിലെ മാന്ദ്യത്തിനിടെ പുതിയ വാഹനങ്ങൾ‍ വാടകക്ക് നൽ‍കുന്ന പദ്ധതിയുമായി ആഭ്യന്തര വാഹന നിർ‍മ്മാതാക്കളിൽ‍ പ്രമുഖരായ മഹീന്ദ്ര രംഗത്ത്. ഏഴ് മോഡലുകൾ‍ക്കാണ് ഒരു വർ‍ഷം മുതൽ‍ നാല് വർ‍ഷം വരെ നീണ്ടുനിൽ‍ക്കുന്ന സബ്‌സ്‌ക്രിപ്ഷൻ പദ്ധതി കാറുകൾ‍ വാടകയ്ക്ക് നൽ‍കുന്ന റേവ് എന്ന സ്റ്റാർ‍ട്ടപ്പ് സ്ഥാപനവുമായി സഹകരിച്ച് മഹീന്ദ്ര ലഭ്യമാക്കുന്നത്.  എക്‌സ്‌.യു.വി 300,  സ്‌കോർ‍പ്പിയോ, XUV 500, മരാസോ, ഓൾ‍ടുറാസ് G4,  കെ.യു.വി 100, ടി.യു.വി 300 എന്നീ ഏഴ് മോഡലുകൾ‍ സബ്‌സ്‌ക്രിപ്ഷൻ‍ പദ്ധതയിൽ‍ ലഭിക്കും. 

സബ്‌സ്‌ക്രിപ്ഷൻ സ്‌കീമിൽ‍ ഉപഭോക്താക്കൾ‍ക്ക് ഗുണങ്ങളേറെയാണെന്ന് കന്പനി പറയുന്നു. ഡൗൺ പേയ്‌മെന്റ് വേണ്ട. റോഡ് ടാക്‌സ്, ഇൻഷൂറൻസ്, മെയന്റനൻസ് തുടങ്ങിയ ചിലവുകളില്ല. റീസെയ്ൽ‍ വാല്യുവിനെക്കുറിച്ച് ചിന്തിക്കേണ്ട. കൃത്യമായി മാസവരിസംഖ്യ അടച്ചാൽ‍ മതി.  മോഡലുകൾ‍/വേരിയന്റുകൾ‍ക്കനുസരിച്ച്  19,720 രൂപ മുതലാണ് പ്രതിമാസ വാടക. ഇൻ‍ഷുറൻസ്, മെയ്ന്റനൻസ് ചിലവ് എന്നിവയെല്ലാം അടക്കമാണിത്. ഒന്ന് മുതൽ‍ നാല് വർ‍ഷം വരെ ഇത്തരത്തിൽ‍ മഹീന്ദ്ര കാറുകൾ‍ ഉപഭോക്താക്കൾ‍ ഉപയോഗിക്കാം. ആവശ്യാനുസരണം എപ്പോൾ‍ വേണമെങ്കിലും വാഹനം മാറ്റുകയും ചെയ്യാം. ഒരു വർ‍ഷമാണ് ഏറ്റവും കുറഞ്ഞ കാലാവധി .

കാലാവധി കഴിഞ്ഞാൽ‍ വാഹനം കന്പനിക്ക് തിരികെ നൽ‍കണം. അല്ലെങ്കിൽ‍ കാലപ്പഴക്കത്തിനനുസരിച്ച് കണക്കാക്കിയ ഒരു തുക നൽ‍കി ഉപഭോക്താവിന് വാഹനം സ്വന്തമായി വാങ്ങുകയും ചെയ്യാം. സബ്‌സ്‌ക്രിപ്ഷൻ സർ‍വ്വീസിലൂടെ പുതിയ കാർ‍ സ്വന്തമാക്കാൻ‍ ആഗ്രഹിക്കുന്നവർ‍ നിശ്ചിത തുക അടച്ച് ആദ്യം വാഹനം ബുക്ക് ചെയ്യണം. ഈ തുക തിരിച്ചുകിട്ടും. ആദ്യ മാസത്തെ വാടകയും മുൻകൂറായി അടയ്ക്കണം. ബുക്ക് ചെയ്ത് ഒരുമാസത്തിനുള്ളിൽ‍ വാഹനം ഉപഭോക്താക്കൾ‍ക്ക് കൈമാറുകയും ചെയ്യും. സബ്‌സ്‌ക്രിപ്ഷൻ പ്രകാരം മാസംതോറും 2083 കിലോമീറ്റർ‍ വരെയാണ് എല്ലാ മോഡലുകൾ‍ക്കും സൗജന്യ ദൂരപരിധി. അതിന് പുറമെയുള്ള കിലോമീറ്ററുകൾ‍ക്ക് അധിക ചാർ‍ജ് വരും. 

ടിയർ‍ 1, ടിയർ‍ 2 മേഖലയിലുള്ള സ്ഥിരവരുമാനമുള്ളവരെയും സെൽ‍ഫ് എംപ്ലോയ്ഡ് ആയവരെയും ആകർ‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്രയുടെ ഈ സബ്‌സ്‌ക്രിപ്ഷൻ‍ പ്ലാനുകൾ‍. തുടക്കത്തിൽ‍ ന്യൂഡൽഹി, മുംബൈ, പൂനെ, ബാംഗ്ലൂർ‍ തുടങ്ങിയ നഗരങ്ങളിലാണ് സേവനം ലഭ്യമാകുന്നത്. പിന്നീട് കൂടുതൽ‍ നഗരങ്ങളിലേക്കുകൂടി സേവനം വ്യാപിപ്പിക്കും.

കഴിഞ്ഞ വർ‍ഷം ഒക്ടോബറിൽ‍ തന്നെ മഹീന്ദ്ര കാർ‍ ലീസിംഗ് മേഖലയിലേക്ക് കടന്നിരുന്നു. അടുത്തകാലത്ത് കൊറിയൻ‍ വാഹന നിർ‍മ്മാതാക്കളായ ഹ്യുണ്ടായിയും കാർ‍ ലീസിംഗ് സംവിധാനം തുടങ്ങിയിരുന്നു. 

You might also like

Most Viewed