8,500 വര്‍ഷം പഴക്കമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ അബുദാബിയില്‍ കണ്ടെത്തി


യു എ ഇയില്‍ 8,500 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെ ഗവേഷകര്‍ കണ്ടെത്തി. നഗരത്തിന് പടിഞ്ഞാറുള്ള ഗാഘ ദ്വീപിലാണ് യു എ ഇയുടെ ശ്രദ്ധേയമായ പൗരാണിക ചരിത്രം വെളിപ്പെടുത്തുന്ന ശിലാഫലകങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് മറാവ ദ്വീപില്‍ 8000 വര്‍ഷം പഴക്കമുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കണ്ടെടുത്തവയുടെ ശാസ്ത്രീയ വിശകലനം നടത്തിവരികയാണ്.


നിയോലിത്തിക്ക് കാലഘട്ടത്തില്‍ വികസിപ്പിച്ച ദീര്‍ഘദൂര സമുദ്ര വ്യാപാര പാതയിലൂടെ ജനങ്ങള്‍ യാത്ര ചെയ്തിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മുമ്പത്തെ കണ്ടെത്തലുകള്‍. എന്നാല്‍, വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് നിയോലിത്തിക്ക് വാസസ്ഥലങ്ങള്‍ ഇവിടെ നിലനിന്നിരുന്നു എന്ന് തെളിയിക്കുന്നതാണ് പുതുതായി കണ്ടെത്തിയ അവശിഷ്ടങ്ങള്‍. 8500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആളുകള്‍ ഇവിടങ്ങളില്‍ താമസിക്കുകയും വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നതായി ഇപ്പോഴത്തെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതായി ഡി സി ടി അബുദാബി ചെയര്‍മാന്‍ എച്ച് ഇ മുഹമ്മദ് അല്‍ മുബാറക്ക് പറഞ്ഞു. ഗാഘ ദ്വീപിലെ കണ്ടെത്തലുകള്‍ യു എ ഇ ജനതയ്ക്ക് കടല്‍ വഴിയുള്ള ആഴത്തിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ ശക്തമായ തെളിവുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed