വാക്സിൻ പരീക്ഷണത്തിൽ ലക്ഷ്യം പൂർത്തീകരിച്ച് ബഹ്റൈൻ
മനാമ: യുഎഇക്ക് പുറകേ ബഹ്റൈനിൽ ആഗസ്റ്റ് രണ്ടാംവാരം മുതൽ ആരംഭിച്ച കോവിഡ് വാക്സിൻ പരീക്ഷണത്തിൽ 6000 പേർ എന്ന ലക്ഷ്യം ബഹ്റൈൻ പൂർത്തീകരിച്ചു. പരീക്ഷണം ആരംഭിച്ച് ആറാഴ്ച്ചകൾക്കുള്ളിലാണ് ആറായിരം പേർ പരീക്ഷണത്തിൽ പങ്കെടുക്കാനായി മുന്പോട്ട് വന്നത്. ബഹ്റൈൻ കിരീടാവാകശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ കൂടി ഈ വലിയ യജ്ഞത്തിൽ പങ്കാളിയായതോടെ ഇതിനായിമുന്പോട്ട് വരുന്നവരുടെ എണ്ണം വളരെ പെട്ടന്ന് വർദ്ധിച്ചു. മന്ത്രിമാരടക്കം നിരവധി പ്രമുഖരാണ് അവസാന ആഴ്ച്ച ഇത്തരത്തിൽ മനുഷ്യത്വത്തിന് വേണ്ടി ആരംഭിച്ച വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തത്.
മലയാളികൾ അടക്കം നിരവധി വിദേശികളും ഇതിൽ പങ്കാളികളായി. കിരീടാവകാശിയും, അതു പോലെ ആരോഗ്യമന്ത്രി ഫെയ്ഖാ ബിന്ത് അൽ സാലെഹയും ഇതിനായി മുന്പോട്ട് വന്നവരെയും ആരോഗ്യപ്രവർത്തകരയെും അഭിനന്ദിച്ചു. ഇനി 1700 ഓളം പേർക്ക്കൂടി പരീക്ഷണത്തിന്റെ ഭാഗമായി വാക്സിൻ നൽകാനുള്ള ആഗ്രഹം ആരോഗ്യപ്രവർത്തകർ മുന്പോട്ട് വെച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിച്ച ആർക്കും തന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു.
