നിർദേശം മറികടന്ന് പടക്കം പൊട്ടിച്ചു : ശ്വാസം മുട്ടി ഡൽഹി
ന്യൂഡൽഹി : പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ചു ജനങ്ങൾ ദീപാവലി ആഘോഷിച്ചതോടെ അന്തരീക്ഷവായുവിന്റെ നില ഗുരുതരാവസ്ഥയിൽ. സുരക്ഷിത നിലയെക്കാൾ 10 മടങ്ങിൽ അധികമാണു ഡൽഹിയിലെ വായുമലിനീകരണമെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
വായുനില പരിതാപകരമായതോടെ ജനജീവിതം സ്തംഭിച്ചു. വായു നിലവാര സൂചിക(എയർ ക്വാളിറ്റി ഇൻഡക്സ്–എക്യുഐ) ശരാശരി 574 ആണു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ എക്യുഐ 999 എന്ന നിലയിലാണ്. 0–50 വരെയാണു സുരക്ഷിത വായുനിലവാരനില. പൊടിയും പുകമഞ്ഞും കാഴ്ച മറച്ചതോടെ വിമാനത്താവളത്തിൽ ഉൾപ്പെടെ യാത്ര പ്രതിസന്ധിയിലായി. വരും ദിവസങ്ങളിലും സമാന അവസ്ഥ തുടരുമെന്നാണു മുന്നറിയിപ്പ്.
അതേസമയം, വ്യാഴാഴ്ച രാത്രി 11 മണി മുതൽ മൂന്നു ദിവസത്തേക്ക് നഗരത്തിൽ വലുതും ഇടത്തരവുമായ ചരക്കുവാഹനങ്ങൾക്കു ഡൽഹി പൊലീസ് നിരോധനം ഏർപ്പെടുത്തി. നവംബർ 11 ന് രാത്രി 11 വരെയാണ് നിയന്ത്രണം. ധാന്യങ്ങളും പച്ചക്കറികളുമായി വരുന്ന ചരക്കുവാഹനങ്ങൾക്കു മാത്രം നിയന്ത്രണത്തിൽ ഇളവു നൽകും.
മലിനീകരണം കണക്കിലെടുത്താണു ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ ദിവസം പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാത്രി 8 മുതൽ 10 വരെ പടക്കം പൊട്ടിക്കാമെന്നായിരുന്നു കോടതി വിധി. എന്നാൽ വൈകിട്ട് ആരംഭിച്ച പടക്കംപൊട്ടിക്കൽ പുലർച്ചെവരെ നീണ്ടത് സ്ഥിതി വഷളാക്കി.



