ബഹ്‌റൈനിലെ ബാങ്കിങ് മേഖല കൂടുതൽ വളർച്ച കൈവരിച്ചതായി റിപ്പോർട്ട്
മനാമ : കഴിഞ്ഞ മാസങ്ങളിൽ ബഹ്റൈനിന്റെ ബാങ്കിങ് മേഖല ജിസിസിയിൽ ഏറ്റവും മികച്ച വളർച്ച കൈവരിച്ചതായി കണ്ടെത്തി. മറ്റ് ജിസിസി രാജ്യങ്ങളിലെ ബാങ്കുകളെ അപേക്ഷിച്ച് ബഹ്റൈൻ ബാങ്കുകൾ ഏറ്റവും വേഗത്തിൽ വായ്പാ വളർച്ച കൈവരിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കോർപറേറ്റ് മേഖലയുടെ നേതൃത്വത്തിൽ പുതിയ വായ്പകൾ ഏർപ്പെടുത്തിയതോടെ ഓഗസ്റ്റ് മാസത്തിൽ ബിസിനസ് ലോണുകൾ 10.8 ശതമാനമായും വ്യക്തിഗത വായ്പകൾ വാർഷിക അടിസ്ഥാനത്തിൽ 8.6 ശതമാനമായുമാണ് ഉയർന്നത്.
ബഹ്റൈൻ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ നൽകിയ കണക്കിലാണ് സാമ്പത്തിക വികസന ബോർഡ് (ഇ.ബി.ഡി) വളർച്ചാ നിരക്ക് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ചയാണ് ബാങ്ക് വായ്പകാലിൽ ഉണ്ടായിരിക്കുന്നതെന്നാണ് വെളിപ്പെടുത്തൽ. അടുത്ത മാസങ്ങളിൽ ജി.സി.സി മേഖലയിലെ റീട്ടെയിൽ ബാങ്കുകളുടെ വായ്പാ വളർച്ച നിരക്കിനേക്കാൾ വേഗമേറിയ വളർച്ചയാണ് ബഹ്റൈനിൽ കണ്ടുവരുന്നത്.
ദ്രുതഗതിയിലുള്ള ഏറ്റക്കുറച്ചിലുകൾ ഇപ്പോൾ കൂടുതൽ സ്ഥിരതയുള്ള, ദീർഘമായ ഒരു കാലഘട്ടത്തിലേക്ക് മാറുന്നു എന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. റീട്ടെയ്ൽ ബാങ്കുകളുടെ വായ്പാ വളർച്ച നിരക്ക് ജൂണിൽ 11.5 ശതമാനമായാണ് ഉയർന്നത്. ഓഗസ്റ്റിൽ ഇത് 10 ശതമാനമാണ്. ജിസിസി മേഖലയിലെ ഉയർന്ന വളർച്ചാ നിരക്കാണ് ഇത്.
കോർപറേറ്റ് മേഖലയ്ക്ക് പുതിയ വായ്പ നൽകുന്നത് ഓഗസ്റ്റിൽ 10.8ശതമാനം ആയതോടൊപ്പം റീട്ടെയിൽ ബാങ്കുകളുടെ വിഭാഗത്തിൽ 53.7 ശതമാനം വർദ്ധനവുണ്ടാക്കുകയും ചെയ്തു. വ്യക്തിഗത വായ്പകളുടെ വാർഷിക വളർച്ചാ നിരക്ക് 8.6 ശതമാനം വളർച്ചയോടെ 43.4ശതമാനത്തിലെത്തി. സർക്കാർ മേഖലയിൽ വാർഷിക വരുമാനം 15.2ശതമാനമായി വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ മാസത്തിൽ റീട്ടെയിൽ ബാങ്കുകളിൽ ഡിപ്പോസിറ്റ് വളർച്ച 13.5 ശതമാനത്തിലെത്തിയിരുന്നു. എന്നാൽ ഓഗസ്റ്റ് മാസത്തിൽ ഇത് 4.5 ശതമാനമായി കുറഞ്ഞു. തുടർച്ചയായ കുറഞ്ഞ വായ്പാ-നിക്ഷേപ അനുപാതങ്ങൾക്കിടയിലും, വായ്പയും നിക്ഷേപ വളർച്ചയും തമ്മിലുള്ള അന്തരം അടുത്ത മാസങ്ങളിൽ പുതിയ വായ്പാ വളർച്ചയ്ക്ക് കൂടുതൽ നിയന്ത്രണം ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.



