"എന്റെ മക്കളോട് ഞാൻ എന്ത് പറയണം?"ബഹ്റൈനിലായിരുന്ന ഭർത്താവിന്റെ തിരോധാനത്തിന്റെ പൊരുളറിയാതെ ബിന്ദു വർഗീസ്


രാജീവ് വെള്ളിക്കോത്ത് 

മനാമ: "ദിവസേന   ചാറ്റിലൂടെയും  മൊബൈൽ  വഴിയും ബന്ധപ്പെട്ടിരുന്ന ഭർത്താവിന് എന്ത് സംഭവിച്ചു എന്നെങ്കിലും അറിയാൻ ഞാൻ ഇനി എന്ത് ചെയ്യണം?എന്റെ മക്കളോട് ഞാൻ ഇനി എന്ത് പറയണം?അവരുടെ പ്രിയപ്പെട്ട  പപ്പയുടെ വിളിക്ക് കാതോർത്ത് ഇനിയും  എത്ര ദിവസം അവർ ക്ലാസിൽ പോകാതെ ഇരിക്കണം? "   - ബഹ്‌റൈനിൽ  ജോലി ചെയ്തു വരുന്നതിനിടെ കാണാതായ സാജു കുര്യന്റെ ഭാര്യ ബിന്ദു വർഗീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ   ഉത്തരം നൽകാൻ ആർക്കും കഴിയുന്നില്ല.  സാജു കുര്യനെ കാണാതായിട്ട് ഒരു മാസം തികയാറാകുമ്പോഴും  ഇതുവരെയും ഒരു  തുമ്പും കിട്ടിയിട്ടില്ല എന്നുള്ള മറുപടി ,മാത്രമാണ് ബന്ധുക്കൾക്ക് ലഭിക്കുന്നത്. തനറെ ഭർത്താവിനെ കാണാതായി എന്നറിഞ്ഞത് മുതൽ കരഞ്ഞു തളർന്നു കഴിയുന്ന ഭാര്യയുടെയും മക്കളുടെയും വേദന ബഹ്‌റൈനിലെ മലയാളി സമൂഹത്തിന്റർ കൂടി വേദനയാവുകയാണ്. തിരോധാനത്തിന്റെ വാർത്ത അറിഞ്ഞത് മുതൽ ഉറക്ക ഗുളിക കഴിച്ചാണ് താൻ ഉറങ്ങുന്നതെന്നും മക്കളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ ഇനിയും തനിക്ക് ആവില്ലെന്നും ബിന്ദു കരഞ്ഞു കൊണ്ട് ഫോർ പി എം ന്യൂസിനോട് പറഞ്ഞു.

 നഴ്‌സിംഗ് വിദ്യാർഥിനിയായ  മൂത്ത മകൾ അനു കുര്യനും ബി ടെക് വിദ്യാർഥിയായ  രണ്ടാമത്തെ മകൻ വിജയ് കുര്യനും പിതാവിനെ കാണാതായത് മുതൽ ക്ലാസിൽ  പോലും പോകാതെ പപ്പയുടെ ഒരു വിളിക്ക് വേണ്ടി കാതോര്‍ത്തിരിക്കയാണ് .

ഈ വര്ഷം കൂടി ജോലി ചെയ്തു പ്രവാസ ജീവിതം അവസാനിപ്പിക്കാനിരി ക്കുകയായിരുന്നു തന്റെ ഭർത്താവെന്നും അതിനിടെയുണ്ടായ തിരോധാനത്തിന് പിന്നിൽ സംശയകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും  ബിന്ദു പറയുന്നു. യാതൊരു വിധ കുടുംബ പ്രശനങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നില്ലെന്നും തങ്ങളിൽ നിന്നും ഇതുവരെയും ഇത്രയും ദീർഘകാലം ഒന്ന് ഫോൺ ചെയ്യാതെയിരുന്നിട്ടില്ലെന്നും പറയുന്ന ബിന്ദു തന്റെ ഭർത്താവിന്റെ തിരോധാനത്തിന് പിന്നിൽ എന്താണ് സംഭവിച്ചതെങ്കിലും അറിയാനുള്ള അവകാശമെങ്കിലും തനിക്കില്ലേ  എന്നാണ് കരഞ്ഞു കൊണ്ട് ചോദിക്കുന്നത്.

പാർലമെന്റ് അംഗം ജോസ് കെ മാണി മുഖേന ബഹ്‌റൈൻ ഇന്ത്യൻ എംബസിയിലും  വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് അടക്കമുള്ളവർക്കും തനറെ ഭർത്താവിന്റെ തിരോധാനം സംബന്ധിച്ച പരാതികൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ബഹ്റൈനില്‍  നിന്നോ അല്ലെങ്കിൽ ബന്ധപ്പെട്ടവരിൽ നിന്നോ യാതൊരു വിധ മറുപടിയും തനിക്കോ ബഹ്‌റൈനിലുള്ള സാജുവിന്റെ ബന്ധുക്കൾക്കോ ലഭിച്ചിട്ടില്ലെന്നും ബിന്ദു പറയുന്നു.

സിയാം ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ജോലി ചെയ്യുന്ന  കോട്ടയം പണമ്പുഴ സാജു കുര്യനെ  (55 വയസ്സ്)    ഒക്ടോബർ11   മുതൽക്കാണ്  താമസ സ്‌ഥലത്തു നിന്നാണ്  കാണാതായത്. കമ്പനി ഉടമയുടെ  ആയുർവേദ   തെറാപ്പിസ്റ്റ് ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നതെന്നും ഭാര്യ പറഞ്ഞു .
 
 
 
 
 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed