മനുഷ്യക്കടത്ത് കൈകാര്യം ചെയ്യുന്നതിൽ ബഹ്‌റൈൻ സ്ഥിരത പുലർത്തുന്നതായി റിപ്പോർട്ട്

മനാമ : യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ (യുഎസ്- ഡിഓഎസ്) റിപ്പോർട്ട് പ്രകാരം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സ്ഥിരതയുള്ള രാജ്യമെന്ന പദവി തുടർച്ചയായി മൂന്നാം വർഷവും ബഹ്‌റൈൻ നിലനിർത്തി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ലഭിച്ചിരുന്ന പദവി നിലനിർത്താൻ രാജ്യം നടത്തിയ പരിശ്രമങ്ങളെ വാർഷികറിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന രീതി, കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുന്ന പരിശീലനം എന്നിവയും റിപ്പോർട്ടിൽ എടുത്തുപറയുന്നു.
മനുഷ്യക്കടത്ത് ഇരകൾക്ക് വേണ്ടിയുള്ള ബഹ്‌റൈന്റെ 'നാഷണൽ റെഫറൽ സിസ്റ്റം' മേഖലയിൽ ആദ്യത്തേതാണ്. ഇതിലൂടെ കേസുകളിൽ കൂടുതൽ ഇടപെടലുകൾ നടത്തുവാനും, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സംശയാസ്പദമായ കേസുകൾ കൈകാര്യം ചെയ്യാനും സാധിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് തൊഴിൽ അവസരങ്ങൾ ഒരുക്കിക്കൊണ്ട് മനുഷ്യക്കടത്ത് തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ, നാഷണൽ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ പരിശ്രമങ്ങൾ കമ്മിറ്റിയുടെ നേട്ടങ്ങൾക്ക് കാരണമായതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സിഇഒ അസുമ അബ്ദുള്ള അൽ അബ്സി പറഞ്ഞു.