കൊലപാതക കേസ് : ഒരാൾക്ക് ജീവപര്യന്തം

മനാമ : മുഹറഖിൽ തന്റെ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ ബഹ്‌റിനിക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
2016 മാർച്ചിൽ മുഹറഖിലെ ഹാലത് ബമഹിറിലായിരുന്നു സംഭവം. 20കാരനായ പ്രതി തന്റെ സുഹൃത്തായ അബ്ദുൽഖാദർ അൽ കൂഹേജിയെ കുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ ഇയാളെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയുമായിരുന്നു. വ്യക്തിപരമായ ചില പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.
ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഇതിനിടെ പ്രകോപിതനായ താൻ കത്തി ഉപയോഗിച്ച് സുഹൃത്തിനെ പല തവണ കുത്തിയതായും പ്രതി സമ്മതിച്ചു. കൊലപാതകശേഷം കുത്താനുപയോഗിച്ച കത്തി പ്രതി കടലിൽ വലിച്ചെറിയുകയും ചെയ്‌തെന്ന് പ്രതി വെളിപ്പെടുത്തിയതായി ഡെപ്യൂട്ടി അറ്റോർണി ജനറൽ ഇബ്രാഹിം അൽ ബിൻജാസ്സിം പറഞ്ഞു.
നെഞ്ചിലേറ്റ മുറിവാണ് മരണത്തിലേയ്ക്ക് നയിച്ചത്. വാക്കുതർക്കത്തിനിടെ പിടിച്ചു മാറ്റാൻ ചെന്ന മറ്റൊരാളെയും ഇയാൾ കുത്തിയിരുന്നെന്ന് അദ്ദേഹം അറിയിച്ചു.