ബിബിസി ഡോക്യുമെന്‍ററി വിവാദം; അനിൽ കെ. ആന്‍റണി കോൺഗ്രസിന്‍റെ എല്ലാ പദവികളിൽനിന്നും രാജിവച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിയെ വിമർശിച്ചതിന്‍റെ പേരിൽ വിവാദത്തിലായ അനിൽ കെ. ആന്‍റണി കോൺഗ്രസിന്‍റെ എല്ലാ പദവികളിൽനിന്നും രാജിവച്ചു. എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്റർ അടക്കമുള്ള പദവികളാണ് രാജിവച്ചത്. കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും അനിൽ ആന്‍റണി കുറ്റപ്പെടുത്തി. ബിബിസി ഡോക്യൂമെന്‍ററിയുമായി ബന്ധപ്പെട്ട് അനിൽ ആന്‍റണി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് രാജി. ട്വിറ്ററിലൂടെയാണ് അനിൽ ആന്‍റണി രാജി വിവരം അറിയിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്‍ററിയിലെ പരാമർശങ്ങൾ എന്നായിരുന്നു അനിൽ ആന്‍റണിയുടെ പ്രതികരണം. ബിബിസിയേക്കാൾ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനിൽ ആന്‍റണി പറഞ്ഞിരുന്നു.
അനിൽ ആന്‍റണി നടത്തിയ പ്രസ്താവനയെ തള്ളി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രംഗത്തെത്തിയിരുന്നു. ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകളുമായി കോൺഗ്രസ് പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ആ കച്ചിത്തുരുമ്പിൽ പിടിച്ച് കോൺഗ്രസിനെ അപഹസിക്കാൻ ആരും ശ്രമിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോൺഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും സുധാകരൻ വ്യക്തമാക്കി.
ugyu