വൃദ്ധയെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ഒളിവിൽ

കേശവദാസപുരത്ത് മനോരമ എന്ന വൃദ്ധയെ കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ആദം അലി ഒളിവിൽ. തൊട്ടടുത്ത വീട്ടിലാണ് ഇയാൾ പണി ചെയ്തിരുന്നത്. ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് ഇവരെ കൊലപ്പെടുത്തിയത് എന്ന വിവരങ്ങളും പോലീസിന് ലഭിച്ചു. സംഭവത്തിൽ ഇയാൾക്കൊപ്പം പണി ചെയ്തിരുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
മനോരമയുടെ ഭർത്താവ് ദിനരാജ് സ്ഥലത്തില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അക്രമികൾ വീടിനുള്ളിൽ കയറിയത്. തൊഴിലാളികൾക്ക് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള വെള്ളം മനോരമയുടെ വീട്ടുമുറ്റത്ത് നിന്നാണ് വെള്ളം എടുത്തിരുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇവർ ഇവിടെ വന്നിരുന്നു. ഇത് മുതലെടുത്ത് ഇന്നലെ ഉച്ചയോടെ അക്രമി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. കൊലപാതകത്തിന് ശേഷം വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പണത്തിനു പുറമേ മനോരമ അണിഞ്ഞിരുന്ന മാലയും വളകളും കവർന്നു. ശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാർ കൂടി തിരച്ചിൽ നടത്തിയെങ്കിലും മനോരമയെ കണ്ടെത്താനായില്ല. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കിണറ്റിൽ നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്തപ്പോൾ കാലുകളിൽ ചുടുകട്ട കെട്ടിയ നിലയിലായിരുന്നു. ഉടുത്തിരുന്ന സാരി കഴുത്തിൽ മുറുക്കിയിരുന്നു. അടുത്ത വീട്ടിലെ സ്ത്രീയുമായി വഴക്കിട്ടെന്നും ഇനി താൻ ജോലിക്കില്ലെന്നും പറഞ്ഞാണ് ആദം സ്ഥലം വിട്ടത് എന്ന് തൊഴിലാളികൾ പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.