കോവിഡ് ബാധിച്ച് മരിച്ച ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കുടുംബങ്ങൾക്ക് മാസം 5,000 രൂപ


തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം സമാശ്വാസ ധനമായി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നു വർഷത്തേക്കാണ് തുക ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുക. ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായ നികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസർ ഉറപ്പുവരുത്തും. സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിര താമസമാക്കിയിട്ടുണ്ടെങ്കിൽ ആനുകൂൽയം നൽകും. 

ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുത്താൻ നിശ്ചയിക്കുന്പോൾ മരിച്ചയാളുടെ വരുമാനം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ നൽകാൻ തീരുമാനിച്ച 50,000 രൂപയ്ക്കു പുറമേയാണു സമാശ്വാസം നൽകുക. സാമൂഹികക്ഷേമ, ക്ഷേമനിധി, മറ്റു പെൻഷനുകൾ ലഭിക്കുന്ന ആശ്രിതർക്കും സഹായ ധനത്തിന് അർഹതയുണ്ടാകും. ഒറ്റ പേജിൽ തയാറാക്കി സമർപ്പിക്കാവുന്ന അപേക്ഷാ ഫോറം ഇതിനായി സജ്ജമാക്കാൻ ജില്ലാകളക്ടർമാർക്കും റവന്യൂ അധികൃതർക്കും നിർദേശം നൽകും. അപേക്ഷ നൽകി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നൽകണം. അപേക്ഷ തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed