ജാതി ചോദിക്കുന്നില്ല ഞാൻ


മാസങ്ങൾക്ക് മുന്പ് സോഷ്യൽ മീഡയയിൽ എല്ലാവരെയും ചിരിപ്പിച്ച ഒരു വീഡിയോ വൈറലായി മാറിയിരുന്നു. കള്ളനെ പിടിക്കുവാൻ പോയ പോലീസ് ഏമാന്മാരും സഹപോലീസുകാരും കടലിൽ ചാടിയ കള്ളനെ പിടിക്കുവാൻ പറ്റാതെ നിസ്സഹായരായി നില്ക്കുന്ന രംഗം. ഓർക്കുന്പോൾ ഇപ്പോഴും ചിരിവരും. കടലിൽ ചാടിയ കള്ളന്മാർ നീന്തി ആഴക്കടലിലുള്ള ഒരു പാറപുറത്തിരിക്കുന്പോൾ എസ്.ഐ കരയിൽ നിന്ന് വിസിൽ നീട്ടിവിളിക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ പോലീസുകാർ കടൽതീരത്ത് നിന്ന് കള്ളന്മാരെ കൈകൊട്ടി മാടി വിളിക്കുന്നു. നിമിഷങ്ങൾക്കകം കടലിൽ നിന്നും ഒരു തോണി വന്ന് പാറപ്പുറത്തിരിക്കുന്ന പ്രതികളെ തോണിയിൽ കയറ്റി രക്ഷപ്പെടുത്തുന്നു. കണ്ടിരിക്കുന്ന ജനവും പോലീസും ‘പ്ലിംങ്ങ്!’

ഞാൻ ആ വിഡിയോ കണ്ടപ്പോൾ ചിന്തിച്ചത് വേറൊരു ആംഗിളിലായിരുന്നു. യഥാർത്ഥത്തിൽ അതിലെ പ്രതികൾ പോലീസുകാരും പോലീസുകാ‍ർ പ്രതികളുമാണെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്നതാണ്. അങ്ങിനെയായിരുന്നുെവങ്കിൽ പ്രതികൾ കടലിൽ ചാടില്ലായിരുന്നു. ചാടിയാൽ തന്നെ നീന്തൽ വിദഗ്ദ്ധരായ പോലീസുകാർ കടലിൽ ചാടി പ്രതികളെ പൊക്കിയേനേ.

വനങ്ങളിൽ കാവൽ നില്ക്കാനുള്ള പോലീസുകാരെ ആദിവാസികളിൽ നിന്ന് തിരഞ്ഞെടുക്കണം. തീരപ്രദേശത്ത് ജോലിക്ക് നിർത്തുന്നവരെ എടുക്കുന്പോൾ ധീവര സമൂഹത്തിൽ നിന്നുമുള്ളവരെ തിരഞ്ഞെടുക്കണം. സംഘട്ടനം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ കളരി പഠിച്ചവരെ തിരഞ്ഞെടുക്കണം.

ഒരു പരിധി വരെ ജാതി സംവരണം ഇന്ത്യയിലെ നിയമന സംവിധാനത്തിൽ പലതരം ക്രമക്കേടുകൾ ഉണ്ടാക്കിയിട്ടുണ്ട്. 

ഒരിക്കൽ രോഗിയായ ബന്ധുവിനെയും കൊണ്ട് കണ്ണൂരിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ ഡോക്ടറെ കാത്തിരിക്കുന്പോൾ തൊട്ടടുത്തിരുന്ന ഒരു രോഗിയാണ് പറഞ്ഞത് ഞങ്ങൾ കാത്തിരിക്കുന്ന ഡോക്ടർ എം.ബി.ബി.എസ് പത്ത് പ്രാവശ്യം തോറ്റ് പിന്നെയും എഴുതിയാണ് പാസ്സായത് എന്ന്. സർക്കാർ ആശുപത്രിയിൽ ജോലി ലഭിച്ചത് സംവരണത്തിന്റെ ആനുകൂല്യത്തിലാണെന്ന്. ഇത് കേട്ടതും കൂടെയുണ്ടായിരുന്ന എന്റെ ബന്ധു ടോക്കൺ തിരികെ നല്കി തൊട്ടടുത്ത വേറൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറി.

ഒരു രോഗിയെ സംബന്ധിച്ചിടത്തോളം വിവരമുള്ള നന്നായി പഠിച്ച ഒരു ഡോക്ടറെയാണ് ആവശ്യം. ഒരു മാരകമായ അസുഖത്തിന് ചികിത്സ തേടുന്പോൾ ഒരു മേജർ ഓപ്പറേഷൻ വിധേയമാകേണ്ടി വരുന്പോൾ നമ്മൾ ഡോക്ടറെക്കുറിച്ച് അന്വേഷിക്കും. അവരുടെ പരിചയസന്പന്നതയും വിദ്യാഭ്യാസ യോഗ്യതയും നോക്കും.

പക്ഷെ ഭരണസംവിധാനത്തിന്റെ തലപ്പത്ത് ജാതിയുടെ േപരിൽ സംവരണത്തിന്റെ ഭാഗമായി ചി‍‍ലർ ചടഞ്ഞിരിക്കുന്പോൾ ഒരു സംസ്ഥാനത്തിനും ഭരണവ്യവസ്ഥയ്ക്കും രാജ്യത്തിനും ഉണ്ടാക്കുന്ന ഭവിഷത്ത്, രോഗി ഡോക്ടറെ തിരിച്ചറിയുന്ന പോലെ, ജനം മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. 

ജാതി സംവരണത്തിന്റെ പേരിൽ നിയമിക്കപ്പെടുന്ന ഒരു പോലീസുകാരൻ പകുതി ദൂരം ഓടിയാൽ കള്ളനെ പിടിക്കുവാൻ പറ്റില്ല. ഒരു ഡോക്ടർ പകുതി ഓപ്പറേഷൻ നടത്തിയാൽ രോഗി രക്ഷപ്പെടില്ല. അപ്പോൾ പകുതി വിവരം മാത്രമുള്ള ഒരാൾ ഭരണസംവിധാനത്തിൽ കയറിയാൽ നടത്തുന്ന അപകടം നമ്മൾ ഒഴിവാക്കേണ്ടതല്ലേ?

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് വർഷം 68 കഴിഞ്ഞിട്ടും നമ്മൾ ജാതിപറയുന്നു. വിദ്യാലയത്തിൽ പ്രവേശനം നല്കുന്പോൾ ജാതി എഴുതുവാൻ ആവശ്യപ്പെടുന്നു. വിവാഹം കഴിക്കുന്പോഴും കുട്ടി ജനിക്കുന്പോഴും മനുഷ്യർ മരിക്കുന്പോഴും നമ്മൾ ജാതി ചോദിക്കുന്നു, പറയുന്നു, ചിന്തിക്കുന്നു. ജാതിസംവരണം ഉള്ള കാലത്തോളം നമ്മൾ ജാതി പറയും. ജാതിയെക്കുറിച്ച് ചിന്തിക്കും.

കഴിഞ്ഞ ദിവസം സുപ്രീംകോടതി ജാതി മാത്രം അടിസ്ഥാനമാക്കി സംവരണം നല്കരുത് എന്ന തീരുമാനം അറിയിച്ചതോടെ ജാതി സംവരണത്തിന്റെ സംവിധാനം മാറ്റണമെന്ന ചിന്ത ജുഡീഷ്യറിയും തിരിച്ചറിഞ്ഞിരിക്കുന്നു എന്ന വസ്തുതയാണ് ചൂണ്ടിക്കാണിക്കുന്നത്.  ജാട്ട് സമുദായത്തിലുള്ള പ്രത്യേക സംവരണം എടുത്ത് മാറ്റിക്കൊണ്ടാണ് ഇത്തരമൊരു പരാമർശം സുപ്രീംകോടതി നടത്തിയിരിക്കുന്നത്.

ജാതി ചോദിക്കരുത്, പറയരുത് എന്ന ശ്രീനാരായണഗുരുവിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ശുഭസൂചനകൾ തന്നെയാകട്ടെ ഈ പരാമർശം എന്ന് ആഗ്രഹിക്കുന്നു.

You might also like

  • Straight Forward

Most Viewed