മഴക്കെടുതി; സഹായ പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി


മഴക്കെടുതിയിൽ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിന് വിവിധ സംരംഭങ്ങളും നടപടികളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. പ്രതികൂല കാലാവസ്ഥ ബാധിച്ച എല്ലാവരെയും സഹായിക്കാൻ ദുബൈ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തിപരമായി തന്നെ നടപടികളുടെ പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ രംഗത്തുള്ള ടീമംഗങ്ങൾ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഫലപ്രദമായ സഹായമെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദുബൈ സർക്കാറിന്‍റെ കീഴിലെ വിവിധ സംവിധാനങ്ങൾ സന്നദ്ധ സേവകരുമായി സഹകരിച്ച് കെടുതിയുടെ ആഘാതം കുറക്കുന്നതിന് സജീവമായി പ്രവർത്തിച്ചുവരുകയാണ്. മഴയിൽ പ്രയാസം നേരിട്ട ഇമാറാത്തി പൗരന്മാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപവത്കരിക്കാനും ശൈഖ് ഹംദാൻ നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം എല്ലാ താമസ കമ്യണിറ്റികളും സാധാരണ നിലയിലാക്കാൻ നിർമാണക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം ദുബൈ ലാൻഡ് വകുപ്പും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസിയും ഏകോപനം നടത്തും. 

കാലാവസ്ഥ ദുരിതം ബാധിച്ചവർക്ക് പകരം താമസ സംവിധാനം ഒരുക്കുക, ദുരിതബാധിത മേഖലകളിൽ ഭക്ഷണം വിതരണം ചെയ്യുക, അണുനശീകരണം നടത്തുക, താമസക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക, താമസയിടങ്ങളിലേക്ക് മടങ്ങിവരാൻ ആവശ്യമായ സാഹചര്യമൊരുക്കുക, ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ നാശനഷ്ടങ്ങളുടെ കണക്ക് രേഖപ്പെടുത്തുക തുടങ്ങിയ സേവനങ്ങൾ പ്രത്യേക ചാർജ് ഈടാക്കാതെ തന്നെ നിർവഹിക്കണമെന്നാണ് പ്രോപ്പർട്ടി ഡവലപ്പർമാരോടും റെസിഡൻഷ്യൽ മാനേജ്മെന്‍റ് കമ്പനികളോടും നിർദേശിച്ചിട്ടുള്ളത്. മുഹമ്മദ് ബിൻ റാശിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‌മെൻറ് സി.ഇ.ഒ ഉമർ ബുഷഹാബ് ചെയർമാനായി ഒരു കമ്മിറ്റി രൂപവത്കരിക്കാനും ശൈഖ് ഹംദാൻ നിർദേശിച്ചിട്ടുണ്ട്. ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, റോഡ്‌ ഗതാഗത അതോറിറ്റി, ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് എന്നിവ സമിതിയിലെ അംഗങ്ങളായിരിക്കും.   

ആവശ്യക്കാരായ ആളുകൾക്ക് സഹായമെത്തിക്കാൻ ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പിനും അദ്ദേഹം നിർദേശം നൽകി. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ സ്വകാര്യ മേഖലയിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതിന് ‘ജൂദ്’ പ്ലാറ്റ്‌ഫോം സജീവമാക്കാൻ കമ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റിയോടും ആവശ്യപ്പെട്ടു.

article-image

sdfgdsf

You might also like

Most Viewed