ബൈക്ക് ഡെലിവറി ജീവനക്കാർക്കായി ദുബായിൽ ശീതീകരിച്ച 40 വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു

പ്രതികൂല കാലാവസ്ഥയിലും ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന ബൈക്ക് ഡെലിവറി ജീവനക്കാർക്കായി ദുബായിൽ ശീതീകരിച്ച 40 വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു. ലഘുഭക്ഷണത്തിനുള്ള ഡിസ്പെൻസർ, തണുത്ത വെള്ളം, മൊബൈൽ റീചാർജ് ചെയ്യാനുള്ള സൗകര്യം എന്നിവ വിശ്രമകേന്ദ്രത്തിലുണ്ടാകുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഓരോ മേഖലയുടെയും പ്രാധാന്യമനുസരിച്ച് കുറഞ്ഞത് 10 പേർക്ക് വിശ്രമിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ടാകും. വിശ്രമകേന്ദ്രത്തിനു പുറത്തും തണലൊരുക്കും വിധത്തിലാകും രൂപകൽപന. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇടവേളകളിൽ ഡെലിവറി ജീവനക്കാർക്ക് വിശ്രമിക്കാനും അവസരമൊരുക്കുകയാണ് ലക്ഷ്യം.
അറേബ്യൻ റാഞ്ചസ്, ഇന്റർനാഷനൽ സിറ്റി, ബിസിനസ് ബേ, അൽഖൂസ്, കരാമ, സത്‍വ, ജദ്ദാഫ്, മിർദിഫ് തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വിശ്രമകേന്ദ്രങ്ങൾ ഒരുക്കുക. അൽബർഷയിൽ 2 വിശ്രമകേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി. ശേഷിക്കുന്നവ 3 ഘട്ടമായി പൂർത്തിയാക്കുമെന്നും ആർടിഎ അറിയിച്ചു.
fgdg