ദുബൈ നിരത്തുകളിലേക്ക് 554 ഹൈബ്രിഡ് ടാക്സികൾ എത്തുന്നു

ദുബൈ : ദുബൈ നിരത്തുകളിലേക്ക് 554 ഹൈബ്രിഡ് ടാക്സികൾ കൂടിയെത്തുന്നു. കുറഞ്ഞ ചെലവിൽ ഓടുന്ന പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ഹൈബ്രിഡ് ടൊയോട്ട കാംറി കാറുകളാണ് ദുബൈ ടാക്സി കോർപറേഷൻ (ഡി.ടി.സി) സ്വന്തമാക്കിയത്. ആർടിഎ ഡയറക്ടർ മുഹമ്മദ് ഒബൈദ് അൽ മുല്ല, ഡി.ടി.സി സി.ഇ.ഒ ഡോ. യൂസഫ് അൽ അലി, അൽ ഫുത്തൈം മോട്ടോഴ്സ് എം.ഡി സൌദ് അബ്ബാസി തുടങ്ങിയവർ പങ്കെടുത്തു. ഇന്ധന ഉപയോഗം 33% വരെ കുറയ്ക്കാൻ കഴിയുന്ന വാഹനങ്ങളാണിത്.
പെട്രോളും വൈദ്യുതിയും ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഹൈടെക് വാഹനങ്ങൾ നിരത്തുകളിൽ ആധിപത്യമുറപ്പിക്കുന്നതോടെ ഹരിതലക്ഷ്യത്തിലേക്കുള്ള ദുബായിയുടെ മുന്നേറ്റം അതിവേഗത്തിലാകും. 2008ൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഹൈബ്രിഡ് വാഹനങ്ങൾ ദുബൈയിയുടെ സാഹചര്യങ്ങൾക്ക് ഏറ്റവും ഇണങ്ങിയതാണെന്നു കണ്ടെത്തിയതോടെ വിവിധ ഘട്ടങ്ങളിലായി എണ്ണം കൂട്ടുകയായിരുന്നു.
അറ്റകുറ്റപ്പണികൾ ഇല്ലാതെ 5.5 ലക്ഷം കിലോമീറ്റർ വിജയകരമായി ഓടി ഇവ മികവു തെളിയിച്ചു. 2021 ആകുന്പോഴേക്കും 50% ടാക്‌സികളും ഹൈബ്രിഡ് ആക്കാനാണ് ഉദ്ദേശിക്കുന്നത്. കാർബൺ മലിനീകരണത്തോത് ഗണ്യമായി കുറയ്ക്കാനുള്ള പദ്ധതികളുടെ ഭാഗമായാണിത്. ഹരിതവാഹനങ്ങൾ വ്യാപകമാക്കുന്നതിനു മുന്നോടിയായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) വിവിധയിടങ്ങളിൽ ചാർജിംങ് േസ്റ്റഷനുകൾ തുറന്നിട്ടുണ്ട്.