ഷാർജയിൽ മലയാളി കുത്തേറ്റു മരിച്ചു

ഷാര്‍ജ : ഷാര്‍ജയിലെ സൂപ്പർമാർക്കറ്റില്‍ വെച്ച് മലയാളി കുത്തേറ്റ് മരിച്ചു. മലപ്പുറം തിരൂര്‍ കല്‍പകഞ്ചേരി പാറമ്മല്‍ അങ്ങാടി സ്വദേശി കുടലില്‍ അലി (52) ആണ് മരിച്ചത്.
ഇന്നലെ രാവിലെ രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. മൈസലൂണ്‍ പ്രദേശത്ത് ശൈഖ് സായിദ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മജസ്റ്റിക് സൂപ്പര്‍മാര്‍ക്കറ്റിന്റെ ഒരു പാർട്ണർ ആണ് ഇദ്ദേഹം. ഇവിടെ വെച്ച് തന്നെയായിരുന്നു കൊലപാതകം നടന്നത്. നിലവിളി കേട്ട് തൊട്ടടുത്ത ഇറച്ചിക്കടയിലെ ജീവനക്കാരന്‍ ഓടിയെത്തിയപ്പോൾ അലി കുത്തേറ്റ് പിടയുകയായിരുന്നു. സ്ഥലത്ത് മറ്റാരെയും കണ്ടെത്താനായില്ല. തുടർന്ന് ഇയാളും നാട്ടുകാരും ചേർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
അലിയുടെ ശരീരത്തില്‍ നിരവധി കുത്തുകൾ ഏറ്റിട്ടുണ്ട്. സ്ഥാപനത്തിൽ നിന്നോ, അലിയുടെ പേഴ്സിൽ നിന്നോ ഒന്നും തന്നെ മോഷണം പോയിട്ടില്ല. എന്നാൽ ഇവിടെ മൽപ്പിടുത്തം നടന്നതിന്റെ സൂചനകൾ വ്യക്തമാണെന്ന് സൂപ്പർ മാർക്കറ്റിന്റെ മറ്റൊരു പാർട്ണർ ആയ അസീസ് പറയുന്നു.
അലിയുടെ അനുജനായ അബ്ദുല്‍ ഗഫൂർ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. രാവിലെ 7.30 മുതൽ ഉച്ചക്ക് 2 മണി വരെയുള്ള ഷിഫ്റ്റിലാണ് സഹോദരൻ ജോലി ചെയ്യാറുള്ളതെന്നു ഇദ്ദേഹം അറിയിച്ചു. അലിയ്ക്ക് ശത്രുക്കൾ ഉള്ളതായി അറിയില്ലെന്നും, മോഷണശ്രമമാകാം കൊലയ്ക്ക് പിന്നിലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പോലീസ് പരിശോധിച്ച് വരികയാണ്. ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.