ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ പാക് ക്യാപ്റ്റൻ

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. എട്ടിൽ എട്ടും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള രോഹിതും സംഘവും സെമിയിൽ പ്രവേശിക്കുകയും ചെയ്തു. ഇപ്പോഴിതാ ലോകകപ്പിൽ സ്വപ്നതുല്യമായ പ്രകടനവുമായി മുന്നേറുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബാ-ഉൾ-ഹഖ്.
ഇന്ത്യയുടെ യഥാർത്ഥ ഭീഷണി ലോകകപ്പിൽ ഉയർന്നുവരാൻ പോകുകയാണെന്ന് മിസ്ബ ഉൾ ഹഖ് അഭിപ്രായപ്പെട്ടു. 2003, 2015, 2019, 2023 ലോകകപ്പ് മത്സരങ്ങൾ താരതമ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. 2023 പോലെ 2003-ലും ഇന്ത്യ തുടർച്ചയായി 8 വിജയങ്ങൾ നേടിയിട്ടുണ്ട്. 2015-ൽ ലീഗ് ഘട്ടത്തിൽ തോൽവി അറിയാതെയായിരുന്നു ടീമിൻ്റെ കുതിപ്പ്. 2019-ലും 2023 ന് സമാനമായി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി – മിസ്ബാ പറയുന്നു.
പക്ഷേ ഈ മൂന്ന് പതിപ്പുകളിലും ഇന്ത്യക്ക് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. നോക്കൗട്ടിൽ ടീം തകർന്നടിയുന്നതാണ് കണ്ടത്. 2003-ലെ ലോകകപ്പ് ഫൈനലിലും, 2015 ലേയും, 2019 ലേയും സെമിഫൈനലിലും ഇന്ത്യയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. സുപ്രധാന ഘട്ടത്തിലെ സമ്മർദം കാരണം കിരീട സാധ്യത നഷ്ടപ്പെടുത്തുകയാണ് ഇന്ത്യൻ ടീം ചെയ്യാറുള്ളത്. 2023ലും ഇത് സംഭവിക്കാനാണ് സാധ്യതയെന്നും മിസ്ബ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ തോൽവിയോടെ മറ്റ് ടീമുകൾക്ക് സെമി ഫൈനലിലെത്താൻ ഇനിയും ചെറിയ അവസരമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ASADSADSADSADSADSADS