ചെസ്സ് ഇതിഹാസം മാഗ്നസ് കാൾസനെ കടത്തിവെട്ടി ഇന്ത്യയുടെ പതിനാറുകാരൻ


ചെസ്സ് ഇതിഹാസം മാഗ്നസ് കാൾസനെ അട്ടിമറി വിജയത്തിലൂടെ കടത്തി വെട്ടിയിരിക്കുകയാണ് ഇന്ത്യയുടെ പതിനാറുകാരനായ ഗ്രാൻഡ് മാസ്റ്റർ. തമിഴ്നാട് സ്വദേശിയായ രമേഷ്പ്രഭു പ്രജ്ഞാനന്ദയാണ് നോർവീജിയൻ ഗ്രാൻഡ് മാസ്റ്ററും ലോക ചാമ്പ്യനുമായ മാഗ്നസ് കാൾസനെ അട്ടിമറിച്ചത്.

എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപിഡ് ചെസ് പോരാട്ടത്തിലാണ് പതിനാറുകാരനും മുപ്പത്തിയൊന്നുകാരനും ഏറ്റുമുട്ടിയത്. കറുത്ത കരുക്കളുമായുള്ള 39 നീക്കങ്ങൾക്കു ശേഷമാണ് പ്രജ്ഞാനന്ദയ്ക്ക് വിജയം സ്വന്തമായത്. തുടർച്ചയായ മൂന്നു പരാജയങ്ങൾക്കുശേഷം പ്രജ്ഞാനന്ദയും മൂന്നു വിജയങ്ങൾക്കു ശേഷം കാൾസനും ഏറ്റുമുട്ടിയതെന്ന സവിശേഷത എട്ടാം റൗണ്ട് മത്സരത്തിനുണ്ടായിരുന്നു. ഈ ജയത്തോടെ കാൾസനെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ തരാമെന്ന സവിശേഷതയും പ്രജ്ഞാനന്ദയ്ക്ക് ലഭിച്ചു. വിശ്വനാഥൻ ആനന്ദും ഹരികൃഷ്ണനുമാണ് മുമ്പ് കീഴ്പ്പെടുത്തിയ ഇന്ത്യൻ താരങ്ങൾ.

പ്രജ്ഞാനന്ദ ആദ്യമായാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ലോക നാലാം നമ്പർ താരത്തെയും ഈ ടൂർണമെന്റിൽ പ്രജ്ഞാനന്ദ തോല്പ്പിച്ചിരുന്നു. എന്നാൽ ലോക ഒൻപതാം നമ്പർ താരത്തോട് പരാജയപ്പെട്ടിരുന്നു. ഏഴാം നമ്പർ താരവുമായി സമനിലയിലെത്തുകയും ചെയ്തിരുന്നു.

പ്രജ്ഞാനന്ദയുടെ വിജയം ഏറെ അത്ഭുതപ്പെടുത്തുന്നുവെന്നും പതിനാറാം വയസ്സിൽ ഏറെ അനുഭവ സമ്പത്തുള്ള ഇതിഹാസതാരത്തെ കറുത്ത കരുക്കൾ നീക്കി കീഴ്പ്പെടുത്തിയത് മായാജാലമാണെന്നും എല്ലാ വിധ ആശംസകളും നേരുന്നുവെന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed