ന്യൂസീലാന്റിൽ നീലപ്പടയോട്ടം; ഇന്ത്യക്ക് ഏകദിന പരന്പര


ബേ ഓവൽ: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച് ഇന്ത്യക്ക് പരന്പര. ന്യൂസീലൻഡ് ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. അർദ്ധ സെഞ്ചുറികൾ നേടിയ രോഹിത് ശർമ്മയുടെയും വിരാട് കോഹ്്ലിയുടെയും ഇന്നിംഗ്സാണ് ഇന്ത്യക്ക് നിർണായകമായത്. റായുഡുവും കാർത്തിക്കും അനായാസം മത്സരം ഫിനിഷ് ചെയ്തു. അഞ്ച് ഏകദിനങ്ങളുടെ പരന്പരയിൽ ആദ്യ രണ്ട് മത്സരവും ഇന്ത്യ വിജയിച്ചിരുന്നു.
മറുപടി ബാറ്റിംഗിൽ തുടക്കത്തിലെ ധവാനെ(28) ഇന്ത്യക്ക് നഷ്ടമായിരുന്നു. ഒന്പതാം ഓവറിൽ ബോൾട്ടിന്‍റെ പന്തിൽ സ്ലിപ്പിൽ ടെയ്‌ലർ പിടിച്ചാണ് ധവാൻ പുറത്തായത്. എന്നാൽ രണ്ടാം വിക്കറ്റിൽ രോഹിത്− കോഹ്്ലി സഖ്യം 113 റൺസ് കൂട്ടിച്ചേർത്തപ്പോൾ ഇന്ത്യ ജീവൻ വീണ്ടെടുത്തു. രോഹിതിനെ 29−ാം ഓവറിൽ 62ൽ നിൽക്കേ സാന്‍റ്നർ ലഥാമിന്‍റെ കൈകളിൽ എത്തിച്ചപ്പോൾ കോഹ്്ലിയെ(60), 32−ാം ഓവറിൽ ബോൾട്ട് പുറത്താക്കി. ഇതോടെ ഇന്ത്യ മൂന്നിന് 168.
അനായാസമെന്ന് തോന്നുന്ന വിജയത്തിലേക്ക് കാര്യമായ സാഹസികത കാട്ടേണ്ട ആവശ്യം ക്രീസിലൊന്നിച്ച അന്പാട്ടി റായുഡുവും ദിനേശ് കാർത്തിക്കിനും ഉണ്ടായിരുന്നില്ല. കാർത്തിക് 38 റൺസുമായും റായുഡു 40 റൺസുമെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ 42 പന്തുകൾ ബാക്കിനിൽക്കേ നീലപ്പട ജയത്തിലെത്തി. കിവികൾക്കായി ബോൾട്ട് രണ്ടും സാന്‍റ്‌നർ ഒരു വിക്കറ്റും വീഴ്‌ത്തി.
Next Post