ആനുകൂല്യം വർദ്ധിച്ചത് അഭിഭാഷകരറിഞ്ഞില്ല : എ.ജി സുധാകര പ്രസാദ്

പയ്യന്നൂർ : ആനുകൂല്യങ്ങൾ വർദ്ധിച്ചത് അഭിഭാഷക സമൂഹം അറിഞ്ഞില്ലെന്ന് അഡ്വക്കറ്റ് ജനറൽ സി.പി സുധാകര പ്രസാദ്. ഇക്കാര്യം മാധ്യമങ്ങൾ അറിയിച്ചതുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജൂനിയർ അഭിഭാഷകരായി പ്രാക്ടീസ്ചെയ്യുന്നവർക്ക് ആദ്യത്തെ മൂന്ന് വർഷം അയ്യായിരം രൂപ വീതം മാസം ൈസ്റ്റപെൻഡ് നൽകും. വക്കീലന്മാരുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ അഞ്ചു ലക്ഷത്തിൽനിന്നും പത്ത് ലക്ഷം രൂപയായി സർക്കാർ വർധിപ്പിച്ചു. ചികിത്സാ സഹായം അയ്യായിരം രൂപയിൽനിന്ന് ഒരു ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. എന്നാൽ ഇക്കാര്യങ്ങളൊന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. തങ്ങളുടെ ആനുകൂല്യങ്ങളിൽ ഗണ്യമായ വർദ്ധനയുണ്ടായത് വക്കീലന്മാരും അറിഞ്ഞതുമില്ല. അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുള്ള പ്രശ്നം കാരണം സർക്കാർ നടപ്പിലാക്കിയ അനുകൂല്യങ്ങൾ ജനങ്ങൾക്കിടയിലും എത്താതെ പോയെന്നും അദ്ദേഹം പറഞ്ഞു.
ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം പയ്യന്നൂർ ജുജു ഇന്റർനേഷണൽ ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.ജി. യൂണിയൻ്റെ സംസ്ഥാന പ്രസിഡണ്ടാണ് അദ്ദേഹം.രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയുമെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് അഭിഭാഷകരുടെ സാമൂഹ്യമായ ഉത്തരവാദിത്തം വളരെ കൂടുതലാണെന്നും വർഗീയ ശക്തികളെ ചെറുത്ത് തോൽപ്പിക്കാനുള്ള പോരാട്ടമാണ് അഭിഭാഷക സമൂഹം ഏറ്റെടുക്കേണ്ടതെണെന്നും അഡ്വക്കറ്റ് ജനറൽ പറഞ്ഞു.