ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി : ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ പരാമർശം. ബാലവകാശ കമ്മീഷൻ നിയമനത്തിൽ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന മന്ത്രി കെ.കെ.ശൈലജയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാൾ എങ്ങനെ ബാലാവകാശകമ്മീഷനിൽ അംഗമായെന്ന് പറയുവാൻ മന്ത്രി ബാധ്യസ്ഥയാണെന്ന് ചൂണ്ടികാട്ടിയ കോടതി 12 ക്രമിനിൽ കേസിൽ പ്രതിയായ ആൾ ബാലാവകാശ കമ്മീഷനിൽ എത്തിയത് ഗൗരവതരമായ വീഴ്ച്ചയല്ലെ എന്നും ചോദിച്ചു. മന്ത്രിയുടെ ഓഫീസ് വീഴ്ച്ച പറ്റിയെന്നും സദുദ്ദേശത്തോടെയാണ് മന്ത്രി പ്രവർത്തിച്ചതെന്ന് കരുതാൻ വയ്യ എന്നുമായിരുന്നു കോടതി മുന്പ് നടത്തിയ പരാമർശം. ഉത്തരവാദിത്വത്തിൽ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം ആരോഗ്യ മന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭ ബഹിഷ്കരിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ എം.എൽ.എമാർ സഭാ കവാടത്തിൽ സത്യാഗ്രഹമിരിക്കുകയാണ്.