പോര്‍ച്ചുഗലിനെ തകര്‍ത്ത് ചിലി കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍

കസാന്‍ : പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് ചിലി കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ പിറക്കാതിരുന്ന മല്‍സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ചിലിയുടെ മുന്നേറ്റം. ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രാവോയുടെ തകര്‍പ്പന്‍ സേവുകളാണ് പോർച്ചുഗലിന്റെ കോണ്‍ഫെഡറേഷന്‍ കപ്പ് മോഹം തകര്‍ത്തത്.
ആവേശകരമായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചിലിയുടെ വിജയം. ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിന്റെ മൂന്ന് കിക്കുകളും ബ്രാവോ തടുത്തു. റിക്കാര്‍ഡോ ക്വറെസ്‌മോ, സാന്റോസ് മൗടിഞ്ഞോ, നാനി എന്നിവരുടെ കിക്കുകളാണ് ബ്രാവോ അത്യുഗ്രന്‍ സേവിങ്ങിലൂടെ തടഞ്ഞിട്ടത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കിക്കെടുക്കാന്‍ അവസരം ലഭിച്ചില്ല.
അതേസമയം ചിലി ആദ്യ മൂന്നു കിക്കുകളും ലക്ഷ്യത്തിലെത്തിച്ച് കിരീടത്തിന് ഒരു പടി കൂടി അടുത്തു. ചിലിക്കായി അര്‍ടുറോ വിദാല്‍, അരാങ്കീസ്, അലക്‌സി സാഞ്ചസ് എന്നിവരാണ് ഗോളുകൾ നേടിയത്.