കേരള ക്രിക്കറ്റ് ടീമിന്റെ ഭാഗമാകാനൊരുങ്ങി റോബിൻ ഉത്തപ്പ


ന്യൂഡൽഹി : ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ കേരള ക്രിക്കറ്റ് ടീം ജഴ്‌സി അണിയാനൊരുങ്ങുന്നു. കര്‍ണാടക ക്രിക്കറ്റ് കൗൺസിലുമായുളള വിയോജിപ്പാണ് ഉത്തപ്പയുടെ പുതിയ തീരുമാനത്തിന് പിന്നില്‍. കഴിഞ്ഞ ഐപിഎൽ സീസണിൽ 14 മത്സരങ്ങളിൽനിന്ന് 165.10 സ്ട്രൈക്ക് റേറ്റോടെ 388 റൺസായിരുന്നു ഉത്തപ്പയുടെ സമ്പാദ്യം. ഇതിൽ 5 അർധസെഞ്ച്വറികളും ഉൾപ്പെട്ടിരുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് ഉത്തപ്പയുമായി ചര്‍ച്ചകൾ നടത്തുന്നതായി സ്ഥിരീകരിച്ചു. ഉത്തപ്പയുമായി കേരള ക്രിക്കറ്റ് അസോസിയേഷണ്‍ ഇക്കാര്യം സംസാരിച്ചെന്നും അന്തിമ തീരുമാനം ഉത്തപ്പ ഉടന്‍ അറിയിക്കുമെന്നും ജയേഷ് പറയുന്നു.

കഴിഞ്ഞ സീസണിലെ രഞ്ജി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തപ്പയെ കര്‍ണാടക സെലക്ടര്‍മാര്‍ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഒരു തവണ മാത്രമാണ് ഉത്തപ്പ നിറം മങ്ങിയത്. അതിന്റെ പേരിലായിരുന്നു നടപടി. 912, 759, 328 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് സീസണുകളിലെ പ്രകടനം.

ഓസ്ട്രേലിയന്‍ പരിശീലകന്‍ ഡേവ് വാട്ട്മോറിനെ കൊണ്ടുവന്നതിനൊപ്പമാണ് വലിയ പരീക്ഷണത്തിന് സംസ്ഥാന അസോസിയേഷന്‍ ഒരുങ്ങുന്നത്. ഒരു മാസം മുമ്പ് നടന്ന കെ.സി.എ. യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ട്. നിയമപ്രകാരം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മൂന്നു താരങ്ങളെ ടീമിലുള്‍പ്പെടുത്താം. കഴിഞ്ഞ സീസണില്‍ ഇഖ്ബാല്‍ അബ്ദുള്ള, ജലജ് സക്സേന, ഭവിന്‍ തക്കര്‍ എന്നിവരെയാണ് ടീമിലെടുത്തത്. ഇതില്‍ ഒരാളെ നിലനിര്‍ത്തി രണ്ടുപേരെ പുതുതായി കൊണ്ടുവരാനാണ് കെ.സി.എ.യുടെ ശ്രമം.

You might also like

Most Viewed