അഞ്ചേരി ബേബി വധക്കേസ് : എം.എം മണി നേരിട്ട് ഹാജരാകണമെന്ന് കോടതി

തൊടുപുഴ : അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം.എം മണി നേരിട്ട് ഹാജരാകണമെന്ന് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി. ജൂൺ ഏഴിന് കേസ് വീണ്ടും പരിഗണിക്കും. കേസിൽ കുറ്റപത്രം വായിക്കുന്നതും അന്നാണ്. കഴിഞ്ഞ അഞ്ചു തവണയും പ്രതികൾ ഹാജരായിരുന്നില്ല.
മണിക്കു പുറമെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, പാമ്പുപാറ കുട്ടൻ, ഒ.ജി.മദനൻ, എ.കെ.ദാമോദരൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 2016 ഡിസംബർ 24 നാണു കുറ്റാരോപണം നിലനിൽക്കുമെന്നു കോടതി കണ്ടെത്തിയത്. 1982 നവംബർ 13നു മേലെ ചെമ്മണ്ണാറിൽ വച്ചായിരുന്നു ബേബി അഞ്ചേരി വെടിയേറ്റു മരിച്ചത്. കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒൻപതു പേരെയും അന്ന് തെളിവില്ലെന്ന കാരണത്താൽ കോടതി വിട്ടയച്ചു.
2012 മേയ് 25നു തൊടുപുഴയ്ക്കു സമീപം മണക്കാട്ട് എം.എം.മണി നടത്തിയ പ്രസംഗത്തിൽ, രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തലിനെ തുടർന്നാണു ബേബി അഞ്ചേരി വധക്കേസ് അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തത്.