മന്ത്രിസഭയിലും സൈനിക തലപ്പത്തും വൻ അഴിച്ചുപണി നടത്തി സൽമാൻ രാജാവ്

റിയാദ് : മന്ത്രിസഭയിലും സൈനിക തലപ്പത്തും വൻ അഴിച്ചുപണി നടത്തി സൽമാൻ രാജാവ് ഉത്തരവിറക്കി. അൽജൗഫ് ഗവർണർ ഫഹദ് ബിൻ ബദ്ർ രാജകുമാരനെ രാജാവിന്റെ ഉപദേഷ്ടാവായി നിയമിച്ചു. ബദ്ർ ബിൻ സുൽത്താൻ രാജകുമാരനാണ് പുതിയ അൽജൗഫ് ഗവർണർ. അസീർ ഡെപ്യൂട്ടി ഗവർണറായി തുർക്കി ബിൻ ത്വലാൽ രാജകുമാരനെയും ഹായിൽ ഡെപ്യൂട്ടി ഗവർണറായി ഫൈസൽ ബിൻ ഫഹദ് ബിൻ മുഖ്‌രിൻ രാജകുമാരനെയും നിയമിച്ചു. സുൽത്താൻ ബിൻ അഹ്മദ് രാജകുമാരനും ഫൈസൽ ബിൻ തുർക്കി രാജകുമാരനും റോയൽ കോർട്ട് ഉപദേഷ്ടാക്കളാകും. ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽസാലിമിനെ മാറ്റി ഡോ. ഖാലിദ് ബിൻ ഹുസൈൻ ബയാരിയെ പകരം നിയമിച്ചു. ആഭ്യന്തര സഹമന്ത്രിയായി ഡോ. ബന്ദർ ബിൻ അബ്ദുല്ല അൽമുശാരി രാജകുമാരൻ സ്ഥാനമേൽക്കും.
ഈജിപ്തിലെ സൗദി അംബാസഡറും അറബ് ലീഗ് സ്ഥിരം പ്രതിനിധിയുമായിരുന്ന അഹ്മദ് ഖത്താനെ ആഫ്രിക്കൻ രാജ്യങ്ങളുടെ കാര്യങ്ങൾക്കുള്ള വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചു. ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രി അഹ്മദ് അൽഹുമൈദാന് പദവി നഷ്ടപ്പെട്ടു. പകരം ഡോ. അബ്ദുല്ല അബൂസ്‌നൈനെ നിയമിച്ചു. സാമൂഹിക വികസന കാര്യങ്ങൾക്കുള്ള ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രിയായി ഡോ. തമാദർ ബിൻ യൂസുഫ് അൽറുമാഹിനെ നിയമിച്ച് മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തി.
ഡെപ്യൂട്ടി നീതിന്യായ മന്ത്രിയായി ശൈഖ് സഅദ് അൽസൈഫിനെയും ഡെപ്യൂട്ടി സാന്പത്തിക, ആസൂത്രണകാര്യ മന്ത്രിയായി ഫൈസൽ അൽഇബ്രാഹിമിനേയും നിയമിച്ചിട്ടുണ്ട്. സാന്പത്തിക, ആസൂത്രണ സഹമന്ത്രിയായി ഖാലിദ് അൽ ശുനൈഫിയെയും നിയമിച്ചു. ശൂറാ കൗൺസിൽ സെക്രട്ടറി ജനറലായി മുഹമ്മദ് അൽമുതൈരിക്കാണ് പുതിയ നിയമനം. പ്രതിരോധ മന്ത്രാലയ നവീകരണ പദ്ധതിക്ക് രാജാവ് അംഗീകാരം നൽകി. ചീഫ് ഓഫ് സ്റ്റാഫ് ജനറൽ അബ്ദുറഹ്മാൻ അൽ ബുനയ്യാന്റെ സേവനം അവസാനിപ്പിച്ച് റിട്ടയർമെന്റ് നൽകി. ഇദ്ദേഹത്തെ റോയൽ കോർട്ട് ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്.
ജനറൽ ഫയാദ് അൽറുവൈലിയാണ് പുതിയ ചീഫ് ഓഫ് സ്റ്റാഫ്. മേജർ ജനറൽ മുത്‌ലഖ് അൽ അസൈമി ഇൻ ജനറൽ റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ചു. വ്യോമ പ്രതിരോധസേനാ കമാൻഡർ ജനറൽ മുഹമ്മദ് സുഹൈമിന്റെ സേവനം അവസാനിപ്പിച്ചു. കരസേനാ മേധാവി ജനറൽ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസിനെ പദവിയിൽനിന്ന് നീക്കി സംയുക്ത സേനാ കമാണ്ടറായി നിയമിച്ചു. സ്ട്രാറ്റജിക്കൽ മിസൈൽ ഫോഴ്‌സ് കമാൻഡറായി ജനറൽ ജാറല്ല അൽ ഉവൈലിതിനെ നിയമിച്ചു.
ജനറൽ ഫഹദ് ബിൻ അബ്ദുല്ല അൽമുതൈർ ആണ് പുതിയ കരസേനാ മേധാവി. വ്യോമ പ്രതിരോധസേനാ കമാൻഡറായി ജനറൽ മസീദ് അൽഅംറിനെയും വ്യോമസേനാ കമാൻഡറായി ജനറൽ തുർക്കി ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസിനെയും നിയമിച്ചു. മക്ക മേയർ ഡോ. ഉസാമ അൽബാറിനെ പദവിയിൽ നിന്ന് നീക്കി പകരം മുഹമ്മദ് അൽഖുവൈഹിസിനെ നിയമിച്ചു. റിയാദ് മേയറായി എൻജിനീയർ താരിഖ് അൽഫാരിസിനെ നിയമിച്ചു. എൻജിനീയർ ഇബ്രാഹിം അൽസുൽത്താനെ റോയൽ കോർട്ട് ഉപദേഷ്ടാവായി നിയമിച്ചതായും ഉത്തരവിൽ പറയുന്നു.