ഖത്തറിൽ വാഹനയാത്രികര്‍ക്ക് മാസ്‌കുകളും കയ്യുറകളും

ദോഹ: കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത ജനറല്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ വാഹനയാത്രികര്‍ക്ക് മാസ്‌കുകളും കയ്യുറകളും വിതരണം ചെയ്തു തുടങ്ങി.വിതരണം മാത്രമല്ല, വൈറസിനെതിരെ പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങളെക്കുറിച്ചും വാഹനസഞ്ചാരികളെ ബോധവല്‍ക്കരിക്കുന്നുണ്ട്. കോര്‍ണിഷിലാണ് വിതരണം ആരംഭിച്ചത്. രാജ്യത്തുടനീളമായി ഓരോ ഏരിയ തിരിച്ച് ബോധവല്‍ക്കരണ പോയിന്റുകളുണ്ട്.
ഒരിടത്ത് തന്നെ 4 മുതല്‍ 6 പോയിന്റുകളിലായി ഗതാഗത ഉദ്യോഗസ്ഥര്‍ ഉണ്ടാകും. ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നുമുള്ള നിര്‍ദേശങ്ങളും നല്‍കുന്നുണ്ടെന്ന് ഗതാഗത ബോധവല്‍ക്കരണ വകുപ്പ് ഓഫിസര്‍ ഫഹദ് ഷ്രെയ്ദ പറഞ്ഞു. വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് മാത്രമല്ല സമൂഹത്തിലെ ഓരോ വ്യക്തികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ലക്ഷ്യമിടുന്നത്. കമ്പനികള്‍ കൂടി ഇത്തരം ബോധവല്‍ക്കരണം ശക്തിപ്പെടുത്തിയാല്‍ ചുരുങ്ങിയ നാള്‍ കൊണ്ട് മികച്ച ഫലം ലഭിക്കും. വൈകിട്ടു വാഹന ഗതാഗതത്തില്‍ ഗണ്യമായ കുറവുണ്ടെന്നും ഷ്രെയ്ദ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 ആപ്ലിക്കേഷനിലൂടെ 40 ഓളം സേവനങ്ങള്‍ ഗതാഗത വകുപ്പ് നല്‍കുന്നുണ്ട്. വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായുള്ള സാങ്കേതിക പരിശോധനാ നടപടികളും ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്. വാഹന പരിശോധനാ കേന്ദ്രങ്ങളായ ഫഹെസില്‍ പോകാതെ തന്നെ മെട്രാഷ് 2 വഴി റജിസ്‌ട്രേഷന്‍ പുതുക്കാം.