കോവിഡ് 19 സ്ഥിരീകരിച്ച ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിൽ സഹായഹസ്തവുമായി ഗംഭീർ


ന്യൂഡൽഹി: രണ്ട് ഡോക്ടർമാർക്കും കോവിഡ് 19 സ്ഥിരീകരിച്ച ഡൽഹിയിലെ റാംമനോഹർ ലോഹ്യ (ആർ.എം.എൽ) ആശുപത്രിയിൽ സഹായഹസ്തവുമായി മുൻ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീർ. ഡോക്ടർമാരുടെ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു തൊട്ടുപിന്നാലെ രോഗപ്രതിരോധത്തിനുള്ള 1000 പി.പി.ഇ കിറ്റുകൾ ഇവിടേക്ക് എത്തിച്ചതായി ഗംഭീർ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഗംഭീർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഡൽഹിയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആശുപത്രികളിൽ ഒന്നാണിത്.

ആർ.എം.എല്ലിൽ രണ്ടു ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിഞ്ഞു. അവിടേക്ക് ഇന്ന് 1000 പി.പി.ഇ കിറ്റുകൾ അയച്ചിട്ടുണ്ട്. 1.40 ലക്ഷം പി.പി.ഇ കിറ്റുകൾക്ക് ഓർഡർ നൽകിയതായി ഡൽഹി ആരോഗ്യമന്ത്രി പ്രസ്താവിച്ചിരുന്നു. അത് എത്രയും വേഗം ലഭ്യമാക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇടപെടണം. കൊറോണയോട് പൊരുതുന്ന നമ്മുടെ പടയാളികൾക്ക് ഇപ്പോൾ നമ്മെ ആവശ്യമുണ്ട്. നാം ക്രിയാത്മകമായി പ്രതികരിക്കേണ്ട സമയമാണിതെന്നും ഗംഭീർ ട്വീറ്റ് ചെയ്തു.

article-image

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ തുടക്കം മുതൽ ഊർജിതമായി രംഗത്തുള്ള വ്യക്തിയാണ് ഈസ്റ്റ് ഡൽഹിയിൽനിന്നുള്ള ബിജെപി എം.പി കൂടിയായ ഗൗതം ഗംഭീർ. രണ്ടു തവണയായി ഒരു കോടി രൂപയാണ് കോവിഡ് പ്രതിരോധത്തിനുള്ള സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിന് തന്റെ എം.പി ഫണ്ടിൽ നിന്ന് ഗംഭീർ അനുവദിച്ചത്. പണമല്ല, സുരക്ഷാ ഉപകരണങ്ങളാണ് ആവശ്യമെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവനയെ തുടർന്ന് പി.പി.ഇ കിറ്റുകൾ ലഭ്യമാക്കിയും ഗംഭീർ കയ്യടി നേടി. ഇതിനിടെ രണ്ടു വർഷത്തെ ശമ്പളം പൂർണമായും പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും സംഭാവന നൽകി.

You might also like

Most Viewed