അഭിപ്രായ വ്യത്യാസം; ഇൻഡ്യ' സഖ്യത്തിന്‍റെ ലോഗോ പ്രകാശനം മാറ്റിവെച്ചു

മുംബൈ: വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ ലോഗോ പ്രകാശനം താത്ക്കാലികമായി മാറ്റിവെച്ചതായി സംഘാടകർ. പ്രതിപക്ഷ പാർട്ടികളിലെ ചില നേതാക്കൾക്ക് ലോഗോയുമായി ബന്ധപ്പെട്ട് നിർദേശങ്ങളുണ്ടെന്നും അന്തിമമാക്കുന്നതിന് മുമ്പ് അവ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ആതിഥേയനായ ശിവസേന യു.ബി.ടി നേതാവ് സഞ്ജയ് റാവുത്തും കോൺഗ്രസിന്‍റെ പ്രതിപക്ഷ നേതാവ് വിജയ് വാഡേത്തിവാറും മാധ്യമങ്ങളോട് പറഞ്ഞു.
ഇൻഡ്യ സഖ്യത്തിന്‍റെ മൂന്നാമത് യോഗം വെള്ളിയാഴ്ച രാവിലെ മുംബൈയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ആരംഭിച്ചിരുന്നു. ആദ്യ രണ്ട് യോഗങ്ങൾ പട്നയിലും ബെംഗളൂരുവിലും നടന്നിരുന്നു. കൂട്ടായ്മയിലെ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള സഹകരണത്തിനുള്ള ഘടന വികസിപ്പിക്കുക, പൊതുമിനിമം പരിപാടി രൂപവത്കരണം, പ്രതിപക്ഷത്തെ പ്രധാന പാർട്ടികളുടെ ഏകോപന സമിതി രൂപീകരിക്കുക എന്നിവയെകുറിച്ചെല്ലാം സമ്മേളനത്തിൽ ചർച്ച നടക്കും. ഏകോപന സമിതികൾ രൂപീകരിക്കുന്നതും കൺവീനറെ നിയമിക്കുന്നതും സംബന്ധിച്ച് ചർച്ച നടത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ പറഞ്ഞു. വ്യാഴാഴ്ച ഹോട്ടലിൽ ചേർന്ന സഖ്യകക്ഷികളുടെ അനൗപചാരിക യോഗത്തിൽ, ഭൂരിപക്ഷം നേതാക്കളും ദേശീയ തലത്തിൽ സീറ്റ് വിഭജനം ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എത്രയും വേഗം പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ചിരുന്നു.
SDADSADSADS