ഉത്തർപ്രദേശിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം; മാപ്പപേക്ഷയുമായി അധ്യാപിക

ഉത്തർപ്രദേശിൽ സ്‌കൂൾ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ മാപ്പപേക്ഷയുമായി അധ്യാപികയായ തൃപ്ത ത്യാഗി. തനിക്ക് തെറ്റുപറ്റിപ്പോയെന്നും സംഭവത്തിന് പിന്നിൽ വർഗീയവിഷം ഇല്ലായിരുന്നെന്നും ഇവർ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു. കുട്ടി നന്നായി പഠിക്കണമെന്ന ഉദ്ദേശ്യത്തോട് കൂടി ചെയ്തതാണ് ഇത്. ഭിന്നശേഷിക്കാരിയായ തനിക്ക് കസേരയിൽനിന്ന് എഴുന്നേൽക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് മറ്റ് കുട്ടികളെക്കൊണ്ട് തല്ലിച്ചതെന്നാണ് വിശദീകരണം. വർഗീയച്ചുവയോടെ ഈ സംഭവത്തെ കാണരുത്. ഫീസ് നൽകാന്‍ പോലും കഴിയാത്ത നിരവധി മുസ്‌ലീം കുട്ടികൾ തന്‍റെ ക്ലാസിൽ പഠിക്കുന്നുണ്ട്. അവരെ താന്‍ സൗജന്യമായി പഠിപ്പിക്കുന്നുണ്ടെന്നും അധ്യാപിക അവകാശപ്പെട്ടു.
ഇവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ഇവർ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. ഖുബാപുരിലെ നേഹ പബ്ലിക് സ്‌കൂളിൽ വ്യാഴാഴ്ചയാണ് മുസ്‌ലീം വിദ്യാർഥിയായ രണ്ടാം ക്ലാസുകാരന് ദുരനുഭവം ഉണ്ടായത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. സംഭവത്തിൽ അധ്യാപികയ്‌ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഇവർക്കെതിരേ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത്.
jgjhg