പ്രവാസികൾക്ക് ആശ്വാസവാർത്ത; രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് ഉടൻ കുറഞ്ഞേക്കുമെന്ന് കേന്ദ്രം

പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാരിൽ നിന്നും അറിയിപ്പ്. രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് ഉടൻ കുറഞ്ഞേക്കുമെന്ന് കേന്ദ്രം പാർലമെന്റിൽ അറിയിച്ചു. രാജ്യാന്തര വിമാന യാത്രയുമായി ബന്ധപ്പെട്ട് 116 വിദേശ രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി കരാറിൽ ഒപ്പിട്ടതായി കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിങ് അറിയിച്ചു. ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, തെക്കന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായാണ് കരാറിൽ ഒപ്പുവെച്ചത്.
കരാറിൽ ഒപ്പുവെച്ചതോടെ, വിദേശ വിമാന കമ്പനികൾക്ക് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ സാധിക്കും. മെട്രോ നഗരങ്ങളിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്താനാണ് അനുമതി. ഒരു സ്ഥലത്ത് നിന്ന് പുറപ്പെട്ട് അവിടെ തന്നെ തിരിച്ചിറങ്ങുന്ന തരത്തിലുള്ള പോയിന്റ് ഓഫ് കോൾ അനുവദിച്ചിട്ടുള്ള വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്നതിനാണ് അനുമതി നൽകുക. അതേസമയം, നോൺ മെട്രോ എയർപോർട്ടുകളിൽ നിന്ന് സർവീസ് നടത്താൻ വിദേശ വിമാന കമ്പനികൾക്ക് അനുമതിയില്ല.
സർവീസുകൾ വർധിക്കുന്നതോടെ, നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.