ഗോവയിൽ ബിജെപി സർക്കാർ രൂപീകരിക്കും; നേതാക്കൾ ഗവർണറെ കാണും


ഗോവയിൽ സർക്കാരുണ്ടാക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. ഗോവയിലെ ബിജെപിയുടെ ചുമതലയുള്ള സിടി രവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശിക പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ബിജെപി സർക്കാരുണ്ടാകുമെന്ന് ബിജെപിയുടെ മറ്റൊരു നേതാവ് സദാനന്ദ് തനാവദെയും അറിയിച്ചു. ബിജെപി നേതാക്കൾ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ സർക്കാർ രൂപീകരണ ചർചർച്ചയ്ക്കായി കാണാൻ സമയം തേടി. ഇതോടെ ഗോവയിൽ രാഷ്ട്രീയ നീക്കങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും സാധ്യതയേറുകയാണ്. കോൺഗ്രസിന് ഇത് വലിയ തിരിച്ചടിയുണ്ടാകും.

ഗോവയിൽ 21 സീറ്റാണ് അധികാരത്തിലെത്താൻ വേണ്ടത്. 19 സീറ്റിൽ ബിജെപി മുന്നിലാണ് 12 സീറ്റിൽ കോൺഗ്രസും പിന്നാലെയുണ്ട്. ആം ആദ്മി പാർട്ടി രണ്ടിടത്തും മറ്റ് പാർട്ടികളെല്ലാം ചേർന്ന് ഏഴിടത്തും ലീഡ് ചെയ്യുന്നു. ഇതിനിടയിൽ ഗോവയിൽ കോൺഗ്രസ് അടിയന്തര യോഗം വിളിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം ചേരുക. ഗോവയിൽ അത്രയധികം ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ് നേതൃത്വം. എന്നാൽ സാഹചര്യങ്ങൾ മാറിമറിഞ്ഞതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്.

2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരെയും ചേര്‍ത്ത് ബിജെപി ഭരണം പിടിച്ചു. രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുകയായിരുന്നു. എംജിപി 3, ജിഎഫ്പി 3, എൻസിപി 1, സ്വതന്ത്രർ‍ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാർ‍ട്ടികളുടെ കക്ഷി നില. ബിജെപി സഖ്യ സർ‍ക്കാർ‍ രൂപീകരിച്ചതിന് പിന്നാലെ കോൺ‍ഗ്രസിലെ ചില എം എൽഎമാരും കൂറുമാറി ബിജെപിയിലെത്തി.

സമാനമായ കുതിരക്കച്ചവടത്തിന് ഗോവ വീണ്ടും സാക്ഷിയാകാനാണ് സാധ്യത. 40 സീറ്റുകളാണ് ഗോവ നിയമസഭയിലുള്ളത്. 21 സീറ്റ് നേടുന്ന കക്ഷിക്ക് ഭരിക്കാൻ‍ സാധിക്കും. ഒരു കക്ഷിക്കും മാന്ത്രിക സംഖ്യ കടക്കാനായില്ലെങ്കിൽ സഖ്യ ഭരണം വരും. ഈ വേളയിലാണ് വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാധ്യത.

You might also like

  • Straight Forward

Most Viewed