മഹാരാഷ്ട്രയിൽ ഇന്ന് രാത്രി 8 മണിമുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 15 ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി എട്ട് മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന ആശങ്കയിലായിരുന്നു സംസ്ഥാനം. എന്നാൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് നിരോധനാജ്ഞയിലൂടെ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം അപകടകരമായ പൊട്ടിത്തെറിയുടെ വക്കിലാണ്. കോവിഡിനെതിരായ യുദ്ധം വീണ്ടും ആരംഭിച്ചു− മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബുധനാഴ്ച മുതൽ സംസ്ഥാനത്തുടനീളം നാലിൽ അധികം ആളുകളുടെ ഒത്തുചേരൽ നിരോധിച്ചു. രാവിലെ ഏഴ് മുതൽ രാത്രി എട്ടു വരെ മെഡിക്കൽ സേവനങ്ങൾ, ബാങ്കുകൾ, മാധ്യമങ്ങൾ, ഇ−കൊമേഴ്‌സ്, ഇന്ധനം എന്നിങ്ങനെ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. ഹോട്ടലുകളിൽ പാഴ്സൽ സർവീസ് അനുവദിക്കും. നിർഭാഗ്യവശാൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കേണ്ടിവന്നിരിക്കുകയാണ്. ഇപ്പോൾ പ്രവർത്തിക്കാനുള്ള സമയമാണ്. ലോക്ഡൗൺ പ്രഖ്യാപിക്കുന്നില്ല. എന്നാൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമാണ്. ആഹാരം പ്രധാനമാണെന്ന് അറിയാം, എന്നാൽ ജീവൻ രക്ഷിക്കുക എന്നതും പ്രധാനപ്പെട്ടതാണ്− ഉദ്ദവ് പറഞ്ഞു.