കടൽ കൊലക്കേസ്; പത്ത് കോടി രൂപ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാൽ മാത്രം നടപടികൾ അവസാനിപ്പിക്കും

ന്യൂഡൽഹി: കടൽ കൊലക്കേസിൽ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ട് ഉടമയ്ക്കും നൽകേണ്ട നഷ്ടപരിഹാര തുക ഇറ്റലി സുപ്രീംകോടതിയിൽ കെട്ടിവെച്ച ശേഷം മാത്രമേ ക്രിമിനൽ കേസിലെ നടപടികൾ അവസാനിപ്പിക്കുകയുള്ളുവെന്ന് സുപ്രീംകോടതി. പത്ത് കോടി രൂപ നഷ്ടപരിഹാരം കോടതിയിൽ കെട്ടിവയ്ക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
പണം കെട്ടിവെച്ചാൽ നാവികർക്ക് എതിരായ ക്രിമിനൽ കേസിലെ നടപടികൾ അവസാനിപ്പിക്കുന്നതിൽ എതിർപ്പ് ഇല്ല എന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു.
നേരത്തെ നൽകിയ 2.17 കോടിക്ക് പുറമെ ആണ് 10 കോടി നഷ്ടപരിഹാരം ആയി ഇറ്റലി സർക്കാർ ഇന്ത്യയ്ക്ക് കൈമാറേണ്ടത്. രാജ്യാന്തര ട്രിബ്യുണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് ഇറ്റലി നഷ്ടപരിഹാരം നൽകുന്നത്.
നഷ്ടപരിഹാരത്തുക വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ ലഭിച്ച് മൂന്ന് ദിവസത്തിനകം സുപ്രീംകോടതിയിൽ കെട്ടിവെയ്ക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.