കൊവിഡ്; ഡൽ‍ഹിയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിടും


ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ‍ ഡൽ‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നവരെ അടച്ചിടാൻ ഡൽ‍ഹി സർ‍ക്കാർ‍ ഉത്തരവിട്ടു. ഹിമാചൽ‍ പ്രദേശിൽ‍ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍ക്ക് ഏപ്രിൽ‍ 21 വരെ അവധി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർ‍ന്നാണ് തീരുമാനം. രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ‍ എംപിഎസ്‌സി പരീക്ഷകൾ‍ മാറ്റിവച്ചു.

ഡൽ‍ഹിയിലെ ഗംഗാറാം ആശുപത്രിക്ക് പിന്നാലെ എയിംസിലും 35 ഡോക്ടർ‍മാർ‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടർ‍മാർ‍ക്കിടയിലെ രോഗവ്യാപനത്തെ കുറിച്ച് ചർ‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ‍ അടിയന്തര യോഗം വിളിച്ചു. ഗംഗാറാം ആശുപത്രി അധികൃതരുമായാണ് യോഗം ചേർ‍ന്നത്.

കേസുകൾ‍ വർ‍ദ്ധിച്ചതോടെ സംസ്ഥാനങ്ങൾ‍ കൂടുതൽ‍ നിയന്ത്രണങ്ങളിലേക്ക് കടന്നു. മഹാരാഷ്ട്ര, ഡൽ‍ഹി, പഞ്ചാബ്, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ‍ക്ക് പുറമേ ജമ്മു കശ്മീരിലെ എട്ട് ജില്ലകളിൽ‍ ഇന്ന് മുതലും കർ‍ണാടകയിലെ ബംഗളൂരു, മൈസൂരു അടക്കം ആറ് പ്രധാന നഗരങ്ങളിലും നാളെ മുതൽ‍ രാത്രികാല കർ‍ഫ്യൂ നിലവിൽ‍ വരും.

മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ‍ വാരാന്ത്യ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. പുതുച്ചേരിയിൽ‍ നാളെ മുതൽ‍ രാത്രി കാല കർ‍ഫ്യൂ ഏർ‍പ്പെടുത്തും. രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ‍ 97% ഉണ്ടായിരുന്ന രോഗമുക്തി നിരക്ക് 91 ശതമാനമായി കുറഞ്ഞതിൽ‍ ആരോഗ്യ മന്ത്രി ഡോക്ടർ‍ ഹർ‍ഷവർദ്‍ധൻ ആശങ്ക പ്രകടിപ്പിച്ചു. ആളുകളുടെ അലംഭാവമാണ് രോഗവ്യാപനം രൂക്ഷമാകാൻ കാരണമായതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

തുടർ‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. ഇന്ന് 1,36,968 പ്രതിദിന പോസിറ്റീവ് കേസുകളും 780 മരണവും ഉണ്ടായെന്നാണ് റിപ്പോർ‍ട്ട്. ഇതുവരെ ഒരു കോടി 30 ലക്ഷത്തിൽ‍ അധികം പേർ‍ക്ക് വൈറസ് മഹാമാരി പിടിപെട്ടു.

You might also like

Most Viewed