കോൺഗ്രസ് ആവശ്യപ്പെട്ടതിന്റെ പകുതി സീറ്റ് മാത്രമേ നൽകാനാകൂവെന്ന് ഡിഎംകെ

ചെന്നൈ: തമിഴ്നാട്ടിൽ സീറ്റ് വിഭജനത്തിന്‍റെ പേരിൽ കോൺഗ്രസ്−ഡിഎംകെ സഖ്യത്തിൽ ഭിന്നത. കോൺഗ്രസ് ആവശ്യപ്പെട്ടതിന്റെ പകുതി സീറ്റ് മാത്രമേ നൽകാനാകൂവെന്ന് ഡിഎംകെ വ്യക്തമാക്കി. ഉമ്മൻചാണ്ടി അടക്കം മുതിർന്ന നേതാക്കൾ ഇടപെട്ട് നടത്തിയ ചർച്ചയിലും സമവായമായില്ല. കാര്യങ്ങളെല്ലാം ഡിഎംകെയെ ബോധിപ്പിച്ചിട്ടുണ്ടെന്നും ചർച്ച ഇനിയും തുടരേണ്ടി വരുമെന്നും തമിഴ്‌നാട് പിസിസി അദ്ധ്യക്ഷൻ കെഎസ് അഴഗിരി പറഞ്ഞു
ബിഹാറിന് പിന്നാലെ പുതുച്ചേരിയിലും തിരിച്ചടി നേരിട്ടതോടെ കോണ്‍ഗ്രസ് ബാധ്യതയായെന്ന വിലയിരുത്തലിലാണ് ഡിഎംകെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 41 സീറ്റ് കോണ്‍ഗ്രസിന് നൽകിയിരുന്നു. എട്ട് സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. നിലവിലെ സാഹചര്യത്തിൽ 21 സീറ്റിൽ അധികം നൽകാനാകില്ലെന്ന ഉറച്ച നിലപാടിലാണ് സ്റ്റാലിൻ. കോൺഗ്രസിന് അധികം സീറ്റുകൾ നൽകിയാൽ അധികാരത്തിലെത്താനുള്ള സാധ്യത മങ്ങുമെന്നാണ് ഡിഎംകെയ്ക്കുള്ളിലെ വിമർശനം. രാഹുൽഗാന്ധിയുടെ നിർദ്ദേശപ്രകാരം ഉമ്മൻ ചാണ്ടി, ദിനേശ് ഗുണ്ടുറാവു, രൺദീപ് സുർജേവാല എന്നിവർ സ്റ്റാലിനുമായി ചർച്ച നടത്തിയെങ്കിലും ഡിഎംകെ വഴങ്ങിയില്ല.
പുതുച്ചേരിയിൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തിലാണ് ഡിഎംകെ. ബിജെപി വിരുദ്ധ സഖ്യമായി ചിത്രീകരിക്കാൻ ഡിഎംകെ ഉറച്ച് നിന്നിട്ടും, കോൺഗ്രസ് എംഎൽഎമാരെ പോലും ഒപ്പംനിർത്താൻ ഹൈക്കമാന്റിന് കഴിഞ്ഞില്ലെന്ന അമർഷത്തിലാണ് സ്റ്റാലിൻ. ഹൈക്കമാന്റിന്റെ ഇടപടെൽ കാര്യക്ഷമമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഡിഎംകെ നിലപാട് കടുപ്പിച്ചിരിക്കുന്നത്.