നിയന്ത്രണങ്ങൾ കടുപ്പിച്ചു; നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി ഗൾ‍ഫ് പ്രവാസികൾ‍


ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മിഡിലീസ്റ്റ് രാജ്യങ്ങളിൽ‍ നിന്നെത്തുന്നവർ‍ക്ക് ഇന്ന് (ഫെബ്രുവരി 22) അർ‍ദ്ധരാത്രി മുതൽ‍ ഇന്ത്യന്‍ ഭരണകൂടം പുതിയ നിയന്ത്രണങ്ങൾ‍ ഏർ‍പ്പെടുത്തിയ പശ്ചാത്തലത്തിൽ‍ നാട്ടിലേക്കുള്ള യാത്രകൾ‍ വേണ്ടെന്നുവച്ച് പ്രവാസികൾ‍. കുടുംബസമേതം നാട്ടിലേക്ക് തിരിക്കാനിരുന്നവരാണ് പുതിയ സാഹചര്യത്തിൽ‍ യാത്ര ഒഴിവാക്കാൻ തീരുമാനിച്ചവരിലേറെയും. 

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയിലുള്ള പിസിആർ‍ ടെസ്റ്റ് നെഗറ്റീവ് റിസൽ‍ട്ട് വേണമെന്നതാണ് പുതിയ വ്യവസ്ഥകളിലൊന്ന്. കുടുംബത്തിൽ‍ ആരെങ്കിലും മരണപ്പെട്ടത് കാരണം നാട്ടിലേക്ക് തിരിക്കുന്നവരെ ഇതിൽ‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഇയിലാണെങ്കിൽ‍ ഏതാണ്ട് 200 ദിർ‍ഹം വേണം ടെസ്റ്റിന്. ഇന്ത്യയിലെത്തുന്ന ഒരാൾ‍ക്ക് ന്യൂഡൽ‍ഹി എയർ‍പോർ‍ട്ടിലാണെങ്കിൽ‍ 3400 രൂപയോളം (172 ദിർ‍ഹം) ടെസ്റ്റിന് ചെലവ് വരും. ഇതിന്റെ കൂടെ ഉയർ‍ന്ന ടിക്കറ്റ് നിരക്ക് കൂടിയാവുന്നതോടെ കുടുംബ സമേതമുള്ള യാത്ര വലിയ സാന്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുക. കേരളത്തിലാവട്ടെ ഏഴു ദിവസത്തിന് ശേഷം പുറത്തിറങ്ങണമെങ്കിൽ‍ മറ്റൊരു ടെസ്റ്റും കൂടി നടത്തണമെന്ന നിബന്ധനയുമുണ്ട്.

ചെറിയ കുട്ടികൾ‍ക്കു പോലും കൊവിഡ് നെഗറ്റീവ് സർ‍ട്ടിഫിക്കറ്റ് വേണമെന്നതും ഇന്ത്യന്‍ വിമാനത്താവളത്തിൽ‍ വച്ച് സ്വന്തം ചെലവിൽ‍ മോളിക്യുലാർ‍ പരിശോധനയ്ക്ക് വിധേയമാകണമെന്നതും യാത്രക്കാർ‍ക്കിടയിൽ‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.കൈക്കുഞ്ഞുങ്ങളെ വിമാനയാത്രയിൽ‍ യാത്രക്കാരായി പരിഗണിക്കാറില്ലെങ്കിലും ഇവർ‍ക്കും നെഗറ്റീവ് സർ‍ട്ടിഫിക്കറ്റ് വേണമെന്ന് പുതിയ നിബന്ധനകളിൽ‍ പറയുന്നുണ്ട്. അതേസമയം ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളിലും പിസിആർ‍ ടെസ്റ്റ് നടത്താനുള്ള ക്രമീകരണങ്ങളില്ല എന്നതും യാത്രക്കാരിൽ‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്.

യാത്ര തുടങ്ങുന്നതിന് മുന്പ് കൊവിഡുമായി ബന്ധപ്പെട്ട സ്വയം സാക്ഷ്യപത്രം (സെൽ‍ഫ് ഡിക്ലറേഷന്‍ ഫോറം) ഓൺലൈനായി എയർ‍ സുവിധ പോർ‍ട്ടലിൽ‍ സമർ‍പ്പിക്കണം. യാത്രയ്ക്ക് മുന്പ് 72 മണിക്കൂറിനിടയിലുള്ള ആർ‍ടിപിസിആർ‍ ടെസ്റ്റ് നെഗറ്റീവ് സർ‍ട്ടിഫിക്കറ്റ് www.newdelhiairport.inൽ‍ അപ്‌ലോഡ് ചെയ്യണം. തെർ‍മൽ‍ സ്‌ക്രീനിംഗിൽ‍ ലോകരക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. ഇന്ത്യൻ എയർ‍പോർ‍ട്ടുകളിൽ‍ വച്ച് സ്വന്തം ചെലവിൽ‍ മോളിക്യുലാർ‍ ടെസ്റ്റിന് വിധേയരാവണം. വിമാനത്താവളത്തിൽ‍ നടത്തിയ ടെസ്റ്റിന്റെ റിസൽ‍റ്റ് നെഗറ്റീവാണെങ്കിൽ‍ 14 ദിവസത്തെ സെൽ‍ഫ് ക്വാറന്റൈനിൽ‍ കഴിയണം. ഇന്ന് രാത്രി 23.59 മണി മുതലാണ് ഈ നിയന്ത്രണങ്ങൾ‍ നടപ്പിൽ‍വരികയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like

  • NEC

Most Viewed