‘ആരാണ് ഇന്ത്യൻ മണ്ണ് ചൈനയ്ക്ക് വിട്ട് നൽകിയതെന്ന് രാഹുൽ മുതുമുത്തച്ഛനോട് ചോദിക്കണം’

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനം ഉന്നയിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡി. ഇന്ത്യൻ മണ്ണ് ചൈനയ്ക്ക് അടിയറവ് വെച്ചത് ആരാണെന്ന് രാഹുൽ തന്റെ മുതുമുത്തച്ഛനോട് ചോദിക്കണം എന്നാണ് അദ്ദേഹം പ്രതികരിച്ചത്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
‘ഇന്ത്യൻ മണ്ണ് ചൈനയ്ക്ക് നൽകിയത് ആരാണെന്ന് രാഹുൽ മുതുമുത്തച്ഛനോട് ചോദിക്കണം. അങ്ങനെയെങ്കിൽ രാഹുലിന്റെ ചോദ്യത്തിന് ഉത്തരം കിട്ടും. ആരാണ് ദേശ സ്‌നേഹിയെന്നും ആരാണ് ദേശ സ്‌നേഹി അല്ലാത്തതെന്നും ജനങ്ങൾക്ക് നന്നായി അറിയാം’. കിഷൻ റെഡ്ഡി പറഞ്ഞു.
ചൈന ഇന്ത്യൻ മണ്ണിൽ നിന്നും പിന്മാറിയിട്ടില്ലെന്നും പ്രധാനമന്ത്രി ഭീരുവാണെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. ഫിംഗർ 4 ഇന്ത്യയ്ക്ക് നഷ്ടമായെന്നും കേന്ദ്രസർക്കാർ ഇക്കാര്യം മറച്ചുവെക്കുകയാണെന്നും രാഹുൽ പറഞ്ഞിരുന്നു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈനയ്ക്ക് നൽകില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ രംഗത്തെത്തിയത്.