പക്ഷിപ്പനി: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. സാഹചര്യം ഗുരുതരമെന്നും സാധ്യമായ എല്ലാ മുൻകരുതലും പക്ഷിപ്പനി വ്യാപനം ഒഴിവാക്കാൻ സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കേരളത്തിന് പുറമേ ഹിമാചൽ പ്രദേശ് രാജസ്ഥാന്‍ മധ്യപ്രദേശ് ഹരിയാന ഗുജറാത്ത് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
ഹിമാചലിലെ പോങ് ടാം വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ ചത്ത ദേശാടന പക്ഷികളിൽ എച്ച്−5 എൻ−1 സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ രാജ്യത്തെ വിവിധ ഇടങ്ങളിൽ ദേശാടന പക്ഷികൾ കൂട്ടത്തോടെ ചാകുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ അടിയന്തിര ജാഗ്രതാ നിർദ്ദേശം. സംസ്ഥാനങ്ങൾ സാധ്യമായ എല്ലാ മുന്‍ കരുതലും സ്വീകരിക്കണം എന്നും വെല്ലുവിളി ഗുരുതരമാണെന്നും ആണ് സന്ദേശം.