മുഹറം ഘോഷയാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: രാജ്യവ്യാപകമായി മുഹറം ഘോഷയാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. ഘോഷയാത്രയ്ക്ക് അനുമതി നല്‍കിയാല്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നും കോവിഡ് രോഗം പടര്‍ത്തിയെന്ന് ആരോപിച്ച് ഒരു പ്രത്യേക സമുദായത്തെ ചിലര്‍ ലക്ഷ്യമിടുമെന്നും ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ വ്യക്തമാക്കി. ഈ സാഹചര്യം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷിയാ പുരോഹിതന്‍ സയ്യദ് കല്‍ബെ ജവാദ് ആണ് രാജ്യവ്യാപകമായി മുഹറം ഘോഷ യാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചത്. ഒഡീഷയിലെ പുരി ക്ഷേത്രത്തില്‍ രഥയാത്ര നടത്താൻ സുപ്രീംകോടതി അനുമതി നൽകിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ആവശ്യമുന്നയിച്ചത്.

എന്നാല്‍ അവിടെ ഒരു പ്രത്യേക സ്ഥലത്താണ് ഇളവ് അനുവദിച്ചതെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുവാന്‍ സാധിക്കില്ലെന്നും നിങ്ങള്‍ ഒരു പ്രദേശത്തെ കാര്യം മാത്രമാണ് ആവശ്യപ്പെട്ടിരുന്നതെങ്കില്‍ ഞങ്ങള്‍ക്ക് അവിടുത്തെ അപകട സാധ്യതയെങ്കിലും വിലയിരുത്താമെന്നും കോടതി പറഞ്ഞു. എന്നാല്‍ മുഹറം രാജ്യവ്യാപകമായി നടത്താനാണ് ഹര്‍ജിക്കാരന്‍റെ ആവശ്യമെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി അറിയിച്ചു.
ഷിയ സമുദായത്തിലെ ധാരാളം മുസ്‌ലിങ്ങള്‍ യുപിയിലെ ലക്നൗവിൽ താമസിക്കുന്നുണ്ടെന്നും ഇവിടെ ഘോഷയാത്രയ്ക്ക് അനുമതി നൽകണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ അനുമതിക്കായി ഹര്‍ജിക്കാരന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീംകോടതി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed