ലോക്ക്ഡൗൺ നല്ലത്; പക്ഷേ പാവപ്പെട്ടവർക്ക് 21 ദിവസത്തേക്ക് ആര് പണം നൽകുമെന്ന് പി.ചിദംബരം


ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ശ്രദ്ധാപൂർവം കേട്ട ശേഷം സമാധാനവും ന്യായവും സമ്മര്‍ദ്ദവും നിരാശയും ഭയവും കൂടിച്ചേര്‍ന്ന വികാരമാണ് തനിക്ക് ബാക്കിയാകുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ലോക്ക്ഡൗൺ വൈകി, പക്ഷേ ഒരിക്കലും ഇല്ലാത്തതിനേക്കാൾ നല്ലതാണെന്നും ചിദംബരം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഒരു വിടവ് ബാക്കിയാകുന്നു. പാവപ്പെട്ട ജനങ്ങള്‍ക്ക് അടുത്ത 21 ദിവസങ്ങളിൽ ആരാണ് പണം നൽകുക? പ്രധാനമന്ത്രി പ്രഖ്യാപിച്ച 15,000 കോടിയുടെ അര്‍ത്ഥമെന്താണെന്നും അദ്ദേഹം ചോദിച്ചു. കോവിഡ്-19 വരുത്തുന്ന സാമ്പത്തിക പ്രത്യാഘാതത്തെ നേരിടണമെങ്കില്‍ അടുത്ത നാലോ ആറോ മാസത്തിനുള്ളിൽ രാജ്യത്തിന് അഞ്ച് ലക്ഷം കോടി രൂപയെങ്കിലും ആവശ്യമായി വരുമെന്നും അദ്ദേഹം ആവർത്തിച്ചു. പ്രത്യേക സാമ്പത്തിക പ്രഖ്യാപിക്കാൻ നാലിലേറെ ദിവസം എടുക്കുന്നതെന്തുകൊണ്ടാണ്? നാലു മണിക്കൂറിനുള്ളിൽ പാക്കേജ് ഒരുക്കാൻ കഴിവുള്ളവർ നമുക്കുണ്ടെന്നും ചിദംബരം പറഞ്ഞു.

ഓരോ പൗരനും ലോക്ക്ഡൗണിനെ പിന്തുണയ്ക്കുക എന്നതാണ് ശരിയായ കാര്യം. ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ദരിദ്രർ, ദൈനംദിന തൊഴിലാളികൾ, കാര്‍ഷിക തൊഴിലാളികൾ, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവരുടെ പോക്കറ്റുകളില്‍ പണം ഇടുന്നതിന്‍റെ ആവശ്യകത പ്രധാനമന്ത്രി മനസിലാക്കുന്നുവെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച ശേഷം മറ്റ് മേഖലകളിലെ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ കര്‍ഷകര്‍ എങ്ങനെ വിളവെടുക്കും എന്നുതുടങ്ങിയ കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്നും ചിദംബരം ട്വീറ്റ് ചെയ്തു.

You might also like

  • Straight Forward

Most Viewed