കനത്ത മൂടല്‍ മഞ്ഞിൽ ഡല്‍ഹിക്കടുത്ത് കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളുള്‍പ്പെടെ ആറു പേര്‍ മരിച്ചു

നോയിഡ: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിക്കടുത്ത് കാര്‍ കനാലിലേക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാര്‍ റോഡില്‍ നിന്നും തെന്നിമാറി അപകടമുണ്ടായത്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാരുതി എര്‍ട്ടിഗ എന്ന വാഹന്തില്‍ 11 പേരാണ് സഞ്ചരിച്ചിരുന്നത്. ദാങ്കൗര്‍ പ്രദേശത്തുള്ള ഖേര്‍ലി കനാലിലേയ്ക്കാണ് കാര്‍ മറിഞ്ഞത്. പതിനൊന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആറു പേര്‍ മരണപ്പെട്ടിരുന്നു. അഞ്ചു പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറച്ചതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംബാല്‍ ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടവര്‍. അപകടത്തില്‍പ്പെട്ട കാര്‍ കൂടാതെ മറ്റൊരു വാഹനവും ഈ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. സംബാലില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. മഹേഷ്(35), കിഷന്‍ ലാല്‍(50), നീരേഷ്(17), റാം ഖിലാഡി(75), മല്ലു(12), നേത്രപാല്‍(40) എന്നിവരാണ് മരണപ്പെട്ടത്.