ഗുലാംനബി ആസാദിന് കശ്മീര്‍ സന്ദര്‍ശിക്കാൻ സുപ്രീംകോടതി അനുമതി നൽകി

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്‍റെ എതിപ്പ് തള്ളി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന് കശ്മീര്‍ സന്ദര്‍ശിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങൾ സ്തംഭിച്ചിട്ടുണ്ടെങ്കിൽ സാഹചര്യങ്ങൾ പരിശോധിക്കാൻ നേരിട്ട് കശ്മീരിൽ പോകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുരക്ഷ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കാനാകില്ലെന്നും കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തിന് ദില്ലിയിലെ പാക് ഹൈകമ്മീഷൻ വഴി സഹായം കിട്ടുന്നുണ്ടെന്നും അറ്റോര്‍ണി ജനറൽ കോടതിയെ അറിയിച്ചു.
ജമ്മുകശ്മീരിലെ ശ്രീനഗര്‍, ബാരമുള്ള, അനന്തനാഗ്, ജമ്മു എന്നീ ജില്ലകളിലെ കുടുംബാംഗങ്ങളെ കാണാനാണ് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന് സുപ്രീംകോടതി അനുമതി നൽകിയത്. രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കരുത്, സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കണം തുടങ്ങിയ ഉപാധികളോടെയാണ് അനുമതി. ഈ തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തെങ്കിലും ഒരു പൗരന്‍റെ അവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. എയിംസിൽ ചികിത്സ പൂര്‍ത്തിയാക്കിയ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമിക്ക് എപ്പോൾ വേണമെങ്കിലും കശ്മീരിലേക്ക് തിരിച്ചുപോകാനുള്ള അനുമതിയും നൽകി.